മലപ്പുറംജില്ലയില്‍ ആദ്യദിനം പത്രിക നല്‍കിയത് ഏഴ് പേര്‍

മലപ്പുറംജില്ലയില്‍ ആദ്യദിനം പത്രിക  നല്‍കിയത് ഏഴ് പേര്‍

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. ആദ്യ ദിനം (നവംബര്‍ 12) ഏഴ് പേരാണ് പത്രിക നല്‍കിയത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് അഞ്ച് നാമനിര്‍ദ്ദേശ പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണ വാര്‍ഡിലേക്കും ജനറല്‍ വാര്‍ഡിലേക്കും ഓരോ നാമനിര്‍ദ്ദേശ പത്രിക വീതവും തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തില്‍ ജനല്‍ വാര്‍ഡിലേക്ക് ഒരു പത്രികയും കണ്ണമംഗല ഗ്രാമ പഞ്ചായത്തിലേക്ക് രണ്ട് പത്രികകളുമാണ് ലഭിച്ചത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്കാണ് രണ്ട് നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചത്. നഗരസഭകളിലേക്കും ജില്ലാപഞ്ചായത്തിലേക്കും ആദ്യ ദിനത്തില്‍ നാമനിര്‍ദ്ദേശ പത്രികകളൊന്നും ലഭിച്ചില്ല.

നാമനിര്‍ദേശ പത്രിക നവംബര്‍ 19 വരെ സമര്‍പ്പിക്കാം. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നോട്ടീസ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എ.ഡി.എം എന്‍.എം മെഹ്റലി പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചു.

തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെയാകണം പത്രിക സമര്‍പ്പിക്കേണ്ടത്. അവധി ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ 11 നും വൈകീട്ട് മൂന്നിനും ഇടയ്ക്കുള്ള സമയത്ത് പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ രണ്ട് എന്ന ഫോറവും പൂരിപ്പിച്ച് നല്‍കണം. ഓരോ ദിവസവും ലഭിക്കുന്ന നാമനിര്‍ദേശങ്ങളുടെ പട്ടികയോടൊപ്പം രണ്ട് എ ഫോറവും വരണാധികാരികള്‍ പ്രസിദ്ധപ്പെടുത്തും.
ഒരു തദ്ദേശസ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രികസമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയാകുകയും വേണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ ഒരു വോട്ടര്‍ ആയിരിക്കണമെന്നാണ് നിബന്ധന. സംവരണ വാര്‍ഡില്‍ മത്സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ അനുമതിയില്ല. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കുന്നതിന് തടസമില്ല. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1,000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും നഗരസഭയ്ക്കും 2,000 രൂപയും ജില്ലാപഞ്ചായത്തിനും കോര്‍പ്പറേഷനും 3,000 രൂപയുമാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ പകുതി തുക നിക്ഷേപമായി നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയ രസീതോ ക്യാഷോ ഡെപ്പോസിറ്റായി നല്‍കാം.

പോളിങ് ബൂത്തിലേക്ക് ആവശ്യമായ
സ്റ്റേഷനറി സാധനങ്ങള്‍ എത്തി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ്റിലെത്തി. തിരുവനന്തപുരത്ത് നിന്ന് രണ്ട് ലോറികളിലായിട്ടാണ് സാധനങ്ങള്‍ മലപ്പുറത്തെത്തിയത്. പെന്‍സിലുകള്‍, പര്‍പ്പിള്‍ സ്റ്റാമ്പ് പാഡ്, കറുപ്പ് സ്‌കെച്ച് പേനകള്‍, നീല ബോള്‍ പോയിന്റ് പേനകള്‍, ചുവപ്പ് ബോള്‍ പോയ്ന്റ് പേന, പേപ്പര്‍ പിന്‍, വെള്ളനൂല്‍, സീലിങ് വാക്സ്, ഗം പേസ്റ്റ്, ടാഗ്, പെന്‍സില്‍ കാര്‍ബണ്‍ പേപ്പര്‍, വോട്ടിങ് കംപാര്‍ട്ട്‌മെന്റ് ലേബല്‍, തുണിസഞ്ചി, വേസ്റ്റ് പേപ്പര്‍ ബാസ്‌കറ്റ്, മെഴുകുതിരി, ബനിയന്‍ വേസ്റ്റ്, ബ്ലേഡ്, ജം ക്ലിപ്പ്, ഡമ്മി ബാലറ്റ്, സെല്ലോടാപ്പ്, കത്തി, പോര്‍ട്ടബിള്‍ കംപാര്‍ട്ട്‌മെന്റ്‌സ്, പേപ്പര്‍, റബര്‍ ബാന്‍ഡ്, കാര്‍ഡ് ബോര്‍ഡ്, തീപ്പെട്ടി തുടങ്ങിയ 36 സാധനങ്ങളാണ് കലക്ടറേറ്റിലെത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം വോട്ടിങ് സ്റ്റേഷനറി സാധനങ്ങള്‍ ബ്ലോക്കുകളിലേക്കും അവിടെ നിന്ന് വരണാധികാരികള്‍ക്കും നല്‍കും. വരണാധികാരികള്‍ സാധനങ്ങള്‍ ബന്ധപ്പെട്ട ബൂത്തുകളിലേക്കും വിതരണം ചെയ്യും. ഇതോടൊപ്പം പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഫോമുകളും കലക്ടറേറ്റിലെത്തിയിട്ടുണ്ടെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി. ആര്‍. അഹമ്മദ് കബീര്‍ അറിയിച്ചു.
ജില്ലയില്‍ 94 ഗ്രാമപഞ്ചായത്തുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, 12 നഗരസഭകള്‍, ജില്ലാപഞ്ചായത്തുമടക്കം 122 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിട്ടുണ്ട്. നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും ബ്ലോക്ക് തല ട്രെയിനര്‍മാര്‍ക്കുള്ള ക്ലാസുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഗരസഭകളിലേക്കും ഗ്രാമ പഞ്ചായത്തുകളിലേക്കുമുള്ള നോമിനേഷന്‍ ഫോറങ്ങളുടെയും അനുബന്ധ രേഖകളുടെയും വിതരണവും കഴിഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് നല്‍കി

തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്ക് പരിശീലന ക്ലാസ് നല്‍കി. എ.ഡി.എം എന്‍.എം മെഹറലി, ഡി.ഡി. പി ഇ. രാജന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ആസിഫ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ലാസ്. ഈഡ്രോപ് സൈറ്റിനെ പരിചയപ്പെടുത്തിയതിനോടൊപ്പം തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സെക്രട്ടറിമാര്‍ക്ക് ക്ലാസില്‍ നല്‍കി.

Sharing is caring!