യാത്ര ഇനി വീണ്ടും ഓട്ടോയില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്‍ പടിയിറങ്ങി

യാത്ര ഇനി വീണ്ടും  ഓട്ടോയില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  എ.പി.ഉണ്ണിക്കൃഷ്ണന്‍ പടിയിറങ്ങി

മലപ്പുറം: അഞ്ചു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഔദ്യോഗിക വാഹനം
ഒഴിവാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ.പി.ഉണ്ണിക്കൃഷ്ണന്‍ ഓട്ടോറിക്ഷയില്‍ മടങ്ങി. ഓദ്യോഗിക വാഹനം ഒഴിവാക്കിയാല്‍ ഇനി യാത്ര ഭൂരിഭാഗവും ഓട്ടോറിക്ഷയില്‍ തന്നെയാകും. മാസങ്ങള്‍ക്കു മുമ്പ് വഴിയരികില്‍ വിഷപ്പുസഹിക്കാനാവാതെ നിന്ന വഴിയോരയാത്രക്കാരന് ഭക്ഷണം വാങ്ങിച്ചുനല്‍കിയ എ.പി.ഉണ്ണിക്കുഷ്ണന് സോഷ്യല്‍മീഡിയയില്‍ കയ്യടി ലഭിച്ചിരുന്നു.
അതേ സമയം തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൊവിഡ് -ഹരിത പ്രോട്ടോകോള്‍ പാലിക്കണമെന്ന് ഇന്ന് നടഡന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സുഗമവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണം. ജാതി-മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. കൊവിഡ്-ഹരിത പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കമ്മിറ്റികളും താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ വരണാധികാരിയുടെ ഓഫീസിലേക്ക് മൂന്ന് പേര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. സ്ഥാനാര്‍ത്ഥി, ഇലക്ഷന്‍ ഏജന്റ്, നാമനിര്‍ദേശകന്‍ എന്നിവര്‍ക്കാണ് പ്രവേശനാനുമതി. സാനാര്‍ത്ഥിക്ക് നിയമ സഹായം വേണ്ട ഘട്ടത്തില്‍ അഭിഭാഷകനും അനുവാദം നല്‍കും. സ്ഥാനാര്‍ത്ഥിയും കൂടെയുള്ളവരും കൊവിഡ് സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ പ്രവേശിച്ച് വോട്ടുഭ്യര്‍ത്ഥിക്കാന്‍ പാടില്ല. വയോധികരെയും അസുഖ ബാധിതരേയും വോട്ടിനായി നേരിട്ട് സമീപിക്കരുത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ മുഴുവനാളുകളും നിര്‍ബന്ധമായും മാസ്‌ക്ക് കൃത്യമായി ധരിക്കണം. കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസേഷനും നടത്തണം. സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. പ്രായമായവരും കുട്ടികളും രോഗബാധിതരും പ്രചാരണത്തിനിറങ്ങരുത്. മാസ്‌ക്ക് ധരിക്കാത്തവരെ വോട്ടെടുപ്പ് ദിവസം യാതൊരു കാരണവശാലും പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പോളിംഗ് സ്റ്റേഷനുകളില്‍ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ധരിക്കുന്ന മാസ്‌ക്കുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മതിലുകളിലും ചുമരുകളിലും പോസ്റ്റര്‍ പതിക്കുകയോ ചുമരെഴുത്ത് നടത്തുകയോ റോഡില്‍ എഴുതുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. ജില്ലയിലെ 78 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ അവിടങ്ങളിലെ ഔദ്യോഗിക വാഹനങ്ങള്‍ ജനപ്രതിനിധികള്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാം. കാലാവധി കഴിയാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുബാധകമല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ദുരിതാശ്വാസ നിധിയില്‍ നിന്നടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല. അതേസമയം തുടങ്ങിവെച്ച പദ്ധതി പ്രവൃത്തികള്‍ക്ക് തടസ്സമുണ്ടാകില്ല. തദ്ദേശ സ്ഥാപന നോട്ടീസ് ബോര്‍ഡുകളിലും കോമ്പൗണ്ടിലും സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ പതിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ അനുവാദമില്ലാതെ പ്രചാരണം നടത്തരുത്. വോട്ടര്‍മാരെ സാമ്പത്തികമായും മറ്റും സ്വാധീനിക്കരുത്. മതപരമായും സാമുദായികമായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം പാടില്ല. കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം അനുവദനീയമല്ല. പ്രചാരണത്തിന് മൈക്ക് പെര്‍മിഷന്‍ നിര്‍ബന്ധമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ക്രമസമാധാന പാലനം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൂര്‍ണമായും വിവിധ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് ഇടപെടും. ഇതിന്റെ ഭാഗമായി ഓരോ മേഖലയിലും പോലീസ് പട്രോളിംഗ് ശക്തമാക്കും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയുടെ മലയോര മേഖലയില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. കണക്കില്‍പ്പെടാത്ത പണം, ആയുധങ്ങള്‍ എന്നിവയുടെ കൈമാറ്റം തടയുന്നതിനായി വാഹന പരിശോധനയും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലും പ്രശ്ന ബാധിത മേഖലകളിലും കൃത്യമായ നിരീക്ഷണവും നടപടിയും തുടരും.

ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെഎസ് അജ്ഞു, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എ രാജന്‍, സീനിയര്‍ സൂപ്രണ്ട് കെ സദാനന്ദന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ ജ്യോതിഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം:
മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കും

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം എന്നിവരുടെ നേത്യത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പരാമര്‍ശം, വ്യക്തിഹത്യ, അടിസ്ഥാന രഹിതമായ ആരോപണം, പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാത്ത വ്യക്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇതിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കും. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ കൃത്യമായ നിരീക്ഷണം ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്നതിനാലാണ് പോലീസിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ജില്ലയില്‍ കൊവിഡ് കേസുകളുടെ നിരക്ക് വര്‍ധിക്കാതിരിക്കാന്‍ പോലീസ് ശക്തമായി ഇടപെടും. ഉദ്യോഗസ്ഥര്‍ തെരഞ്ഞടുപ്പ് ആവശ്യങ്ങല്‍ക്ക് വിളിച്ച് ചേര്‍ക്കുന്ന യോഗങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കുന്നതിനായി പോലീസ് നിരീക്ഷണമുണ്ടാകും. പ്രചാരണത്തിനായി മൈക്ക് പെര്‍മിഷന് അപേക്ഷ ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അന്വേഷണം നടത്തി അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ്:
നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്ന ഇന്ന് (നവംബര്‍ 12) മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെയാകണം പത്രിക സമര്‍പ്പണം. അവധി ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ 11 നും ഉച്ചയ്ക്ക് ശേഷം മൂന്നിനും ഇടക്കുള്ള സമയത്ത് പത്രിക നല്‍കാം. നവംബര്‍ 12 മുതല്‍ 19 വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ 2 എന്ന ഫോറവും പൂരിപ്പിച്ച് നല്‍കണം. ഓരോ ദിവസവും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളുടെ പട്ടികയോടൊപ്പം 2എ ഫോറവും വരണാധികാരികള്‍ പ്രസിദ്ധപ്പെടുത്തും.
ഒരു തദ്ദേശസ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രികസമര്‍പ്പിക്കുന്ന തിയതിയില്‍ 21 വയസ്സ് പൂര്‍ത്തിയാകുകയും വേണം. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ ഒരു വോട്ടര്‍ ആയിരിക്കണമെന്നാണ് നിബന്ധന. സംവരണ വാര്‍ഡില്‍ മത്സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ അനുമതിയില്ല. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും നഗരസഭയ്ക്കും 2000 രൂപയും, ജില്ലാപഞ്ചായത്തിനും കോര്‍പ്പറേഷനും 3000 രൂപയുമാണ് അടയ്ക്കേണ്ടത്. പട്ടികജാതി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ പകുതി തുക നിക്ഷേപമായി നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയ രസീതോ ക്യാഷോ ഡെപ്പോസിറ്റായി നല്‍കാം.

മാതൃകാ പെരുമാറ്റച്ചട്ടം: അത്യാവശ്യ കാര്യ
നിര്‍വ്വഹണത്തിന് മുന്‍കൂര്‍ അനുമതി വേണ്ട

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോ അംഗീകാരമോ തേടാതെ സര്‍ക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നല്‍കല്‍, പള്‍സ് പോളിയോ പോലുള്ള ബോധവത്കരണ പരസ്യ പ്രചാരണങ്ങള്‍, കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ ആശ്രിത നിയമനച്ചട്ട പ്രകാരമുള്ള നിയമനം നടത്തല്‍, ഒരു ഉദ്യോഗസ്ഥന് മറ്റൊരുദ്യോഗസ്ഥന്റെ അധിക ചുമതല നല്‍കല്‍, വരള്‍ച്ച, വെള്ളപ്പൊക്കം, കോവിഡ് മഹാമാരി പോലുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിനായി ദേശീയ പ്രകൃതി ദുരന്ത ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം തേടല്‍. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍, ഡെപ്യൂേട്ടഷന്‍ എന്നിവ മൂലമുണ്ടായ ഒഴിവുകള്‍ നികത്തുതിന് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി യോഗം ചേരല്‍, സര്‍ക്കാരിന്റേയോ, തദ്ദേശ സ്ഥാപനങ്ങളുടേയോ നിയന്ത്രണത്തിലുള്ള പൊതുസ്ഥാപനങ്ങളുടെയും ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെയും അറ്റകുറ്റപ്പണി നടത്തുക, (ശൗചാലയം പോലെയുള്ള പൊതുസൗകര്യങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രം). ബി.ഒ.റ്റി. വ്യവസ്ഥ പ്രകാരം നിര്‍മ്മാണാനുമതി നല്‍കല്‍, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റല്‍, തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരസ്യം നല്‍കല്‍, എച്ച്.ഐ.വി/എയ്ഡ്സ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ പ്രസിദ്ധീകരണം, ഓടകളില്‍ നിന്നും കുളങ്ങളില്‍ നിന്നുമുള്ള മണ്ണ് നീക്കം ചെയ്യല്‍, ശുചീകരണ/കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്, ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും, കോടതി ഉത്തരവ് പ്രകാരമുള്ള തടവ് പുള്ളികളുടെ ജയില്‍മാറ്റം, നേരത്തെ അനുവദിച്ച ഗ്രാന്റ് ഉപയോഗിച്ചും ക്ഷണിച്ച ടെണ്ടര്‍ പ്രകാരവും ആശുപത്രി ഉപകരണങ്ങള്‍ മരുന്ന് എന്നിവ വാങ്ങുക എന്നീ കാര്യങ്ങള്‍ അനുമതിയില്ലാതെ തന്നെ ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ംംം.ലെര.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍.ലഭിക്കും

നാമനിര്‍ദേശ പത്രികകളുടെ വിതരണം പുര്‍ത്തിയായി

തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടറേറ്റില്‍ നിന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകളുടെ വിതരണം പുര്‍ത്തിയായി. ജില്ലയിലെ 15 ബ്ലോക്ക് തലങ്ങളിലേക്കാണ് പത്രികള്‍ നല്‍കിയത്. ബ്ലോക്ക് തലങ്ങളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലേക്ക് അതത് ഗ്രാമപഞ്ചായത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ഈമാസം ആറിനാണ് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. നവംബര്‍ 12 തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. നവംബര്‍ 19 വരെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി. 20 ന് സൂക്ഷ്മ പരിശോധന നടക്കും. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. അടുത്ത മാസം (ഡിസംബര്‍) 14 തെരഞ്ഞെടുപ്പും 16ന് വോട്ടെണ്ണലും നടക്കും. ജില്ലയില്‍ 94 ഗ്രാമപഞ്ചായത്തുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, 12 നഗരസഭകള്‍, ജില്ലാപഞ്ചായത്തുമടക്കം 122 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്

Sharing is caring!