വി.അബ്ദുറഹിമാന്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി ആദിവാസി യുവതി മലപ്പുറം കലക്ടറേറ്റില്‍

വി.അബ്ദുറഹിമാന്‍  എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി ആദിവാസി യുവതി  മലപ്പുറം കലക്ടറേറ്റില്‍

മലപ്പുറം: താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ആദിവാസി യുവതി മലപ്പുറം കലക്ടറേറ്റില്‍ എത്തി. കഴിഞ്ഞ ദിവസമാണ് താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയ ആദിവാസികളോട് ഉപമിച്ചുകൊണ്ട് അധിക്ഷേപിച്ചു സംസാരിച്ചത്. വി അബ്ദുറഹ്മാന്‍ എംഎല്‍എ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പ്രതിഷേധിച്ച് ഏറനാട് മണ്ഡലത്തിലെ ഓടക്കയം ആദിവാസി കോളനിയിലെ മുപ്പാലി ശൈലജ പ്രതിഷേധവുമായി മലപ്പുറം കലക്ടറേറ്റില്‍ എത്തിയത്.
പ്ലക്കാര്‍ഡുകള്‍ പിടിച്ച് കിലോമീറ്ററുകളോളം കാല്‍നടയായാണ് ശൈലജ കലക്ടറേറ്റിലെത്തിയത്. രണ്ട് എംഎല്‍എമാര്‍ തമ്മില്‍ നടത്തിയ പരാമര്‍ശത്തില്‍ ആദിവാസി സമൂഹത്തെ വലിച്ചിഴച്ചത് ശരിയായില്ല. തരംതാഴ്ന്ന പരാമര്‍ശമാണ് എംഎല്‍എ നടത്തിയത്. ബോധമില്ലാത്തവര്‍ എന്ന് ആദിവാസി സമൂഹത്തെ അധിക്ഷേപിച്ച എംഎല്‍എയ്ക്കാണ് ബോധമില്ലാത്തതെന്നും ശൈലജ കുറ്റപ്പെടുത്തി.
ആദിവാസി സമൂഹത്തിന് നേരെ ഉണ്ടായ അധിക്ഷേപത്തില്‍ പ്രതികരിക്കേണ്ടത് തന്റെ ധാര്‍മിക കടമയാണെന്നും അതിനാലാണ് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് ഇവിടെയെത്തിയതെന്നും ശൈലജ പറഞ്ഞു

Sharing is caring!