ലോകത്തിന്റെയും ഇന്ത്യയുടെയും ഭൂപടം കുപ്പിയില്‍ വരച്ച് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംപിടിച്ച് മലപ്പുറത്തെ മിടുക്കി

ലോകത്തിന്റെയും  ഇന്ത്യയുടെയും ഭൂപടം  കുപ്പിയില്‍ വരച്ച്  ഏഷ്യാ ബുക്ക് ഓഫ്  റെക്കോര്‍ഡ്‌സിലും  ഇന്ത്യാ ബുക്ക് ഓഫ്  റെക്കോര്‍ഡ്‌സിലും  ഇടംപിടിച്ച് മലപ്പുറത്തെ  മിടുക്കി

മലപ്പുറം: ലോകത്തിന്റെയും ഇന്ത്യയുടെയും ഭൂപടം കുപ്പിയില്‍ അതിമനോഹരമായി വരച്ച് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംപിടിച്ചിരിക്കുകയാണ് പൊന്നാനി സ്വദേശിയായ കൃഷ്ണ. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള ഒഴിവുസമയമാണ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ ഈ വിദ്യാര്‍ഥിനി വിനിയോഗിച്ചത്. പൊന്നാനി എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് കൃഷ്ണ.
ഒഴിവുസമയങ്ങളില്‍ ചിത്രരചനയുടെ ലോകത്താണ് ഈ വിദ്യാര്‍ഥിനി. പതിവില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് കുപ്പിയില്‍ ഭൂപടം വരയ്ക്കാമെന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. തുടര്‍ന്ന് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനുള്ള പണിപ്പുരയിലായിരുന്നു. ആദ്യശ്രമത്തില്‍ തന്നെ മനോഹരമായി കുപ്പിയില്‍ ഇരുഭൂപടങ്ങളും പകര്‍ത്താന്‍ സാധിച്ചുവെന്ന് കൃഷ്ണ പറയുന്നു.
ഭൂഖണ്ഡങ്ങളും അതിലെ രാജ്യങ്ങളും കുപ്പിയില്‍ അടയാളപ്പെടുത്തിയ ശേഷമാണ് ഇന്ത്യയുടെ ഭൂപടം വരയ്ക്കാന്‍ ആരംഭിക്കുന്നത്. ഭൂപടത്തിനു പശ്ചാത്തലമായി ആകാശ നീല നിറം കുപ്പിയ്ക്ക് നല്‍കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ആരെയും അമ്പരപ്പിക്കുന്ന രീതിയിലാണ് കൃഷ്ണയുടെ രചനാശൈലി. കുപ്പിയില്‍
ചിത്രം വരയ്ക്കാന്‍ അതിയായ ഇഷ്ടമാണെന്നും കൃഷ്ണ പറയുന്നു. ആളുകളുടെ ചിത്രവും കുപ്പിയില്‍ പകര്‍ത്താന്‍ കൃഷ്ണയ്ക്ക് സാധിക്കും. പ്രിയപ്പെട്ടവര്‍ക്ക് പിറന്നാള്‍ സമ്മാനമായി കൃഷ്ണ നല്‍കുന്നതും താന്‍ വരച്ച അവരുടെ ചിത്രം ഉള്‍പ്പെടുന്ന കുപ്പിയാണ്. ഇതിനുപുറമേ ഈ കലാവാസന വരുമാന മാര്‍ഗം കൂടിയാണ് കൃഷ്ണയ്ക്ക്. പൊന്നാനി സ്വദേശിയായ മണികണ്ഠന്റെയും സുമിതയുടെയും മകളാണ് കൃഷ്ണ.

Sharing is caring!