ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വിസ്മയം തിര്‍ത്ത് മലപ്പുറം മക്കരപറമ്പിലെ ഉമ്മര്‍ കുട്ടി

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വിസ്മയം തിര്‍ത്ത് മലപ്പുറം മക്കരപറമ്പിലെ ഉമ്മര്‍ കുട്ടി

മലപ്പുറം: ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വിസ്മയം തിര്‍ക്കുകയാണ് മലപ്പുറം മക്കരപറമ്പിലെ കര്‍ഷകന്‍
ഉമ്മര്‍ കുട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്ത തരത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ട് വിത്തുകള്‍ എത്തിച്ചുകൊണ്ട് രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി നടത്തുകയാണ് ഈ കര്‍ഷകന്‍. പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഉമ്മര്‍ കുട്ടി കൃഷിയിലേക്ക് തിരിയുന്നത്. തുടര്‍ന്ന് അമേരിക്ക ,ഇക്വഡോര്‍, മെക്‌സിക്കോ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി പത്തില്‍ കൂടുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് വിത്തുകള്‍ എത്തിക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു.
അടുത്തകാലത്തായി വമ്പിച്ച വിളവെടുപ്പ് ലഭിക്കുകയും ചെയ്തു. പലതരത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ ഉണ്ടെങ്കിലും 6 ഇനത്തില്‍പ്പെട്ടവയാണ് ഇപ്പോള്‍ വിളഞ്ഞുനില്‍ക്കുന്നത്. അനേകം ആയുര്‍വേദഗുണങ്ങളുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് വിപണിയില്‍ നല്ല വിലയാണ് ലഭിക്കുന്നത്.
എന്നാല്‍ വിപണിയില്‍ എത്തിച്ച് നല്‍കാതെ തന്റെ ഫാമില്‍ എത്തുന്നവര്‍ക്ക് നേരിട്ട് ഫലങ്ങള്‍ നല്‍കുന്നതാണ് ഉമ്മര്‍കുട്ടിയുടെ കച്ചവട രീതി. മൂന്നര ഏക്കര്‍ ഫാമില്‍ രണ്ടര ഏക്കറോളം സ്ഥലത്തും വിവിധയിനം ഡ്രാഗണ്‍ ചെടികളാണ്. ചുവപ്പും മഞ്ഞയും നീലയും നിറത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ ഇവിടെയുണ്ട്. ഇതിനുപുറമെ വിവിധ രാജ്യങ്ങളില്‍ എത്തിയ ഡ്രാഗണ്‍ ചെടികള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് .ഡ്രാഗണ്‍ ചെടികള്‍ക്ക് പുറമെ ജൈവവൈവിധ്യം നിറഞ്ഞ നിരവധി സസ്യങ്ങളും മത്സ്യകൃഷിയും ഉമ്മര്‍കുട്ടിയുടെ ഫാമിലുണ്ട്. ഗ്രീന്‍വാലി എന്ന ഈ ഫാം കാണാനും ഡ്രാഗണ്‍ ഫ്രൂട്ട് വാങ്ങാനും ഇവിടെ സമയം ചിലവഴിക്കാനും പ്രതിദിനം നിരവധിപേരാണ് എത്തുന്നത്. കാഴ്ചയിലും രുചിയിലും കേമന്മാരായ ഡ്രാഗണ്‍ ഫ്രൂട്ടുകളുമായാണ് ഫാമിലെത്തുന്നവര്‍ മടങ്ങാറ്. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയുന്ന മലബാറില്‍ തന്നെ ഏറ്റവും വലിയ ഫാം ഈ ഗ്രീന്‍വാലിയാണ്. നിരവധി പേരാണ് ഡ്രാഗണ്‍ കൃഷി ചെയ്യാനും. വീട്ടില്‍ വളര്‍ത്താനും താല്‍പര്യം അറിയിച്ച് ഉമ്മര്‍ കുട്ടിയുടെ അടുത്തെത്തുന്നത്. ചെടി വളര്‍ത്താന്‍ അത്യാവശ്യം ചൂടു വേണം ഇതിന്റെ വേര് നില്‍ക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കാതെ നോക്കിയാല്‍ പെട്ടെന്ന് തന്നെ ഫലം കായ്ക്കുമെന്നും ഉമ്മര്‍ കുട്ടി പറയുന്നു.

Sharing is caring!