കോവിഡ്: മതാചാരപ്രകാരമുള്ള മൃതദേഹ പരിപാലനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഇ.ടി സര്‍ക്കാറിന് കത്ത് നല്‍കി

കോവിഡ്: മതാചാരപ്രകാരമുള്ള  മൃതദേഹ പരിപാലനത്തിന്  സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്  ഇ.ടി സര്‍ക്കാറിന് കത്ത് നല്‍കി

മലപ്പുറം: കോവിഡിനെ ബാധിതരാവുകയും മരണപ്പെടുകയും ചെയ്യുന്നവരില്‍ മൃതദേഹ പരിപാലനത്തിന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്ത് നല്‍കി. നിലവില്‍ മരണ ശേഷം ട്രൂനാറ്റ് ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് പോലും മതാചാരപ്രകാരമുള്ള മയ്യിത്ത് പരിപാലനത്തിന് അവസരം ലഭിക്കുന്നില്ല.
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാര്‍ഗ രേഖയില്‍ മൃതദേഹത്തിന് പൂര്‍ണ ആദരവ് നല്‍കണമെന്നും മതാചാര പ്രകാരമുള്ള പരിപാലനത്തിന് അവസരം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഇതിന് വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്.
മൃതശരീരം പാക്ക് ചെയ്യുന്നിടം തൊട്ട് മറവ് ചെയ്യുന്നത് വരെയുള്ള നടപടി ക്രമങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നതാണ് ഡബ്യു.എച്ച്.ഒ മാര്‍ഗരേഖ. മോര്‍ച്ചറി സ്റ്റാഫും സംസ്‌കാര ചടങ്ങിലെ ജീവനക്കാരും ചെയ്യേണ്ട സുരക്ഷിത നടപടികളെ പറ്റിയും എല്ലാം കൃത്യമായി വശിദീകരിക്കുന്നുമുണ്ട്. മൃതശരീരം കഴുകല്‍, നഖം വെട്ടല്‍ അടക്കം ഉള്ള കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സുരക്ഷാ നിര്‍ദേശങ്ങളുണ്ട്. മൃത ശരീരത്തിന്റെ അന്ത്യദര്‍ശനത്തിനു വേണ്ടി ബന്ധുക്കള്‍ക്ക് സാധിക്കുന്ന വിധം ചെയ്യേണ്ട നടപടി ക്രമങ്ങളും പ്രതിപാതിച്ചിട്ടുണ്ട്. കോവിഡ് മൂലം മരണപ്പെടുന്നവരുടെ മരണനന്തര ക്രിയകള്‍ സംബന്ധിച്ച വളരെ വേദനിക്കുന്ന ചില അനുഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരം ദുരനുഭവങ്ങള്‍ അനുഭവസ്ഥര്‍ പങ്കുവെക്കുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബം അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമാണ്. മൃതദേഹ പരിപാലനത്തിന് എവിടെയും സേനവനത്തിന് തയ്യാറുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, വളണ്ടിയര്‍മാര്‍ക്കോ, രോഗിയിയുടെ കൂട്ടിരിപ്പുകാര്‍ക്കോ മൃതദേഹ പരിപാലനത്തിന് അവസരം നല്‍കണം. മൃതദ്ദേഹം വൃത്തിയാക്കുന്നതിനും അതിനു ശേഷം മതവിധി പ്രകാരമുള്ള കവറിങ് നടത്തുന്നതിനും അവസരം നല്‍കിയാല്‍ കോവിഡ് പ്രോട്ടോകോളിന് തടസ്സവുമുണ്ടാവില്ല. കുടുംബത്തിലെ ആളുകള്‍ക്ക് അവസാനമായി മുഖം കാണാന്‍ ഉള്ള അവസരം ഉണ്ടാക്കുന്നതിന് കോവിഡ് പ്രോട്ടോകോളില്‍ കൃത്യമായ നിര്‍ദ്ദേശം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നേയില്ല. ഈ കാര്യങ്ങളെല്ലാം പരിശോധിച്ച് അടിയന്തിരമായ പരിഹാര നടപടികള്‍ എടുക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഫോണില്‍ നേരിട്ടും സംസാരിച്ചിട്ടുണ്ട്.

Sharing is caring!