തിരൂരില്‍ 17കാരനെ മൂത്രം കുടിപ്പിച്ച പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി : തിരൂര്‍ സ്വദേശിയായ പതിനേഴുകാരനെ മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്കും മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചു. തിരൂര്‍ സ്വദേശികളായ തെക്കന്‍കുറ്റൂര്‍ വട്ടോളില്‍ പ്രണവ് (19), തൃപ്രങ്ങോട് പുരത്തിപ്പറമ്പില്‍ സുനില്‍ (40), ഒഴൂര്‍ പറപ്പാറ അഖിലേഷ് (22) എന്നിവരുടെ ജാമ്യാപേക്ഷയാണ് ടി പി സുരേഷ് ബാബു തള്ളിയത്. 2020 സെപ്തംബര്‍ 23ന് ഉച്ചക്ക് മൂന്നു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. കൂട്ടുകാര്‍ക്കൊപ്പം ചെറിയപരപ്പൂരിലെ പുഴയില്‍ മീന്‍പിടിക്കുകയായിരുന്നു പരാതിക്കാരന്‍. ബൈക്കിലെത്തിയ ഒന്നാം പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ചാണ് മര്‍ദ്ദിച്ചതും മൂത്രം കുടിപ്പിച്ചതും. കുട്ടിയുടെ ബന്ധു രണ്ടാം പ്രതിയായ സുനിലിന്റെ മകനെ 2020 ഓഗസ്റ്റ് 20ന് പീഡിപ്പിച്ചിരുന്നതായി തിരൂര്‍ പൊലീസില്‍ കേസ് നിലവിലുണ്ട്. ഇതിലുള്ള പ്രതികാരമാണ് അതിക്രമത്തിന് കാരണം.

Sharing is caring!