കലക്ടര്‍ അഭ്യര്‍ഥിച്ചു മലപ്പുറത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മുസ്ലിംലീഗ് 10 കോടിയുടെ ഉപകരണങ്ങള്‍ നല്‍കും

കലക്ടര്‍ അഭ്യര്‍ഥിച്ചു മലപ്പുറത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക്  മുസ്ലിംലീഗ് 10 കോടിയുടെ ഉപകരണങ്ങള്‍ നല്‍കും

മലപ്പുറം: മലപ്പുറം കലക്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മുസ്ലിം ലീഗ് 10 കോടിയുടെ ഉപകരണങ്ങള്‍ നല്‍കും. ജില്ലയുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താനാണ് മുസ്ലിം ലീഗിന്റെ കാരുണ്യ കൈതാങ്ങ്. കോവിഡ് ചികിത്സാ കേന്ദങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സമാഹരിച്ച് നല്‍കന്‍ ഇന്നലെ ചേര്‍ന്ന അടിയന്തരി യോഗം തീരുമാനിച്ചു. ആദ്യസഹായം അടുത്ത ദിവസം തന്നെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി , ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. എം. ഉമര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചികിത്സാ കേന്ദ്രങ്ങളിലെ ഉപകരണങ്ങളുടെ അഭാവം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംലീഗ് മുന്‍കൈയെടുത്ത് ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയും ജില്ലയിലെ പാര്‍ട്ടിയുടെ എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികള്‍, സഹകരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടിയുണ്ടായത്.
ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ മുസ്ലിംലീഗ് എം.പിമാരും, എം.എല്‍.എമാരും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം തുടരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവര്‍ക്ക് ലഭിക്കുന്ന വികസന ഫണ്ടില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പിലൂടെയും വലിയ സഹായങ്ങള്‍ ഇതിനകം തന്നെ നല്‍കിയിരുന്നു. എം.പിമാരും എം.എല്‍.എമാരും മാത്രം ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി 5.07 കോടിരൂപ നല്‍കുകയുണ്ടായി. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.
നിലവിലുള്ള സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് 10 കോടിയോളം രൂപയുടെ ഉപകരണങ്ങള്‍ ആശുപത്രികളിലേക്കും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്കും വാങ്ങി നല്‍കുന്നതിനു വേണ്ടി ‘അതിജീവനം- കോവിഡ് മോചനത്തിന്, മുസ്ലിംലീഗ് കൈത്താങ്ങ്’ എന്ന പേരില്‍ കാമ്പയില്‍ സംഘടിപ്പിക്കും. എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, അവരുടെ വ്യക്തിബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടുള്ള സ്പോണ്‍സറിങ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, സര്‍വീസ് സഹകരണ ബാങ്കുകളുടെ പൊതുനന്മ ഫണ്ട്, ഇത്തരം കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന സഹകരണ ബാങ്കുകളുടെ മറ്റ് ഫണ്ടുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാര്‍ അവരുടെ വ്യക്തിബന്ധങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുന്ന സ്പോണ്‍സറിങ്, കെഎംസിസി അടക്കമുള്ള മുസ്ലിംലീഗിന്റെ പോഷക സംഘടനകളുടെ സ്പോണ്‍സറിംഗ് എന്നിങ്ങനെയാണ് വിവിധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുന്നത്. ഈ രീതിയില്‍ കോവിഡ് ചികിത്സക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാറില്‍നിന്ന് ചില പ്രത്യേക ഉത്തരവുകളും അനുമതികളും ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ അഷ്റഫ് കോക്കൂര്‍, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, സലീംകുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is caring!