മലപ്പുറം ആമയൂരില്‍നിന്നും കാണാതായ സ്ത്രീയെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എടവണ്ണ: കാണാതായ സ്ത്രീക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കുന്ന് ആമയൂര്‍ റോഡിലെ റിട്ട. അങ്കണവാടി ഹെല്‍പ്പര്‍ ചെറമ്മല്‍ കറപ്പന്റെ മകള്‍ സരോജിനി (65) ന്റെ മൃതദേഹമാണ് ചാലിയാര്‍ പുഴയിലെ വടശ്ശേരി കടവില്‍ നിന്ന് കണ്ടെത്തിയത്. ഭര്‍ത്താവില്ലാത്ത സരോജിനി തനിച്ചായിരുന്നു താമസം. അടുത്ത കാലത്തായി മാനസികസ്വസ്തമാകുകയും ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. കഴിഞ്ഞ ദിവസം കുണ്ടുതോടിലും ഉച്ചക്ക് ശേഷം എടവണ്ണ സീതി ഹാജി പാലത്തിനു സമീപവും കണ്ടതായി പറയുന്നു. ഇതിനെ തുടര്‍ന്ന് പുഴ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും കവറും പുഴക്കരയില്‍ കണ്ടെത്തുകയും തിങ്കളാഴ്ച രാവിലെ മുതല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്,വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും പുഴയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ
വടശ്ശേരി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച കുടുംബശ്മശാനത്തില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍: ഹരിദാസന്‍, ചന്ദ്രന്‍, രമണി, സുകുമാരന്‍, വാസുദേവന്‍.

Sharing is caring!