യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

നിലമ്പൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ നിലമ്പൂര്‍ സി.ഐ.യും സംഘവും അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ വീട്ടിച്ചാലിലെ തേക്കില്‍ വീട്ടില്‍ ശതാബ് (38) ആണ് അറസ്റ്റിലായത്. ഇയാള്‍ അടിപിടി, ഭീഷണിപ്പെടുത്തല്‍, വധശ്രമം തുടങ്ങി പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് നിലമ്പൂര്‍ സി.ഐ. ടി.എസ്. ബിനു പറഞ്ഞു. ചക്കാലക്കുത്ത് മൈതാനത്തിനടുത്ത് വച്ച് കഴിഞ്ഞ മാസം 12ന് വൈകുന്നേരം ചക്കാലക്കുത്ത് സ്വദേശിയായ രാഗേഷിനെ(32) വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അടിപിടി, ഭീഷണിപ്പെടുത്തല്‍, വധശ്രമം തുടങ്ങിയ കേസുകളാണ് ശതാബിന്റെ പേരില്‍ നിലവില്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലുള്ളത്. സംഭവത്തില്‍ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. നിലമ്പൂര്‍ വീട്ടിച്ചാല്‍ ചെട്ടിയാന്‍ വീട്ടില്‍ ഷബീറലി(30), മുക്കട്ട പാലത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് മുഹ്‌സിന്‍(സോനു30), വീട്ടിച്ചാല്‍ മാളിയേക്കല്‍ വീട്ടില്‍ സുലൈമാന്‍(30) എന്നിവരെയാണ് പിടികിട്ടാനുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി.ഐക്ക് പുറമെ എ.എസ്.ഐ. റെനി ഫിലിപ്പ്, സീനിയര്‍ സി.പി.ഒ. മുഹമ്മദലി, സി.പി.ഒ. മാരായ പ്രസാദ്, സര്‍ജാസ്, ഷിജു, അഖില എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!