മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്

മലപ്പുറത്തുകാരുടെ ഈവിവാഹം  മാതൃകയാണ്

മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിന്‍ ജര്‍മനിയിലുള്ള പ്രതിശ്രുത വരന്‍ വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് മഹറായി ആവശ്യപ്പെട്ടത് ഒരു വീടായിരുന്നു. തങ്ങള്‍ക്ക് താമസിക്കുവാനല്ല, വീടില്ലാത്ത ഒരു അനാഥ പെണ്‍കുട്ടിക്ക് തണലൊരുക്കി നല്‍കണമെന്നായിരുന്നു അത്.

റാഫിയയുടെ ആവശ്യത്തിനോട് ഫവാസ് സമ്മതം പറയുകയായിരുന്നു. അങ്ങിനെ വിവാഹത്തലേന്ന് റാഫിയ ജര്‍മനിയിലേക്ക് പറന്നു. ഫവാസിനൊപ്പം ചേര്‍ന്നു. സൂം പ്ലാറ്റ്ഫോം മുഖേനെ നടന്ന വിവാഹത്തിന് വീട്ടുകാരും ഉറ്റ ബന്ധുക്കളും പ്രമുഖ പ്രചോദന പ്രഭാഷകന്‍ പി.എം.എ ഗഫൂര്‍ ഉള്‍പ്പെടെ സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ സാക്ഷികളായി.

പാഴ്ചെലവുകളും ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടലുകളും നിറഞ്ഞ ചടങ്ങായി വിവാഹം നടത്തുന്നതിനോട് തനിക്ക് മുമ്പ് തന്നെ അനിഷ്ടമായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം മനസിനിണങ്ങിയ രീതിയില്‍ തന്നെ ഒരുമിച്ചു ചേര്‍ത്തുവെന്നും റാഫിയ വിവാഹത്തിനു തൊട്ടുമുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. ബഷീര്‍ കുന്നുമ്മലിന്റേയും ഹസീനയുടെയും മകളാണ് റാഫിയ. സി.കെ. അബൂബക്കറും ടി. റംലയുമാണ് ഫവാസിന്റെ മാതാപിതാക്കള്‍.

Sharing is caring!