ആരോഗ്യമന്ത്രിയുടെ കരുതലില്‍ മലപ്പുറത്തെ കുഞ്ഞ് ആരവ് അപൂര്‍വ ശസ്ത്രക്രിയക്കായി ചെന്നൈയിലേക്ക്

ആരോഗ്യമന്ത്രിയുടെ  കരുതലില്‍ മലപ്പുറത്തെ  കുഞ്ഞ് ആരവ്  അപൂര്‍വ ശസ്ത്രക്രിയക്കായി  ചെന്നൈയിലേക്ക്

മലപ്പുറം: തിരുവോണ നാള്‍ കുഞ്ഞ് ആരവിനും കുടുംബത്തിനും പ്രതീക്ഷയുടെ പൊന്‍ പുലരിയാണ്. താനൂര്‍ കുണ്ടുങ്ങല്‍ പട്ടയത്ത് നിധീഷ്-രേഷ്മ ദമ്പതികളുടെ അഞ്ച് മാസം പ്രായമായ മകന്‍ ആരവാണ് അപൂര്‍വ രോഗത്തിന് വിദഗ്ധ ചികിത്സ തേടി ചെന്നൈയിലേക്ക് തിരിക്കുക. സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയുടെ കീഴില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ പ്രത്യേക താത്പര്യമെടുത്താണ് ആരവിന് ചികിത്സാ സഹായം അനുവദിച്ചത്. വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ഇടപെടലിലൂടെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ കുടുംബത്തിന്റെ അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കെത്തിയത്.

ഫിസിയോളജിയില്‍ അനീമിയ എന്ന വളരെ അപൂര്‍വമായ ജനിതക രോഗമാണ് ആരവിന്. പ്രതിരോധ ശേഷി ഇല്ലാത്തതു മൂലം വിവിധ രോഗങ്ങള്‍ കുഞ്ഞിനെ ബാധിച്ചിരുന്നു. പ്രസവ സമയത്ത് തന്നെ കുഞ്ഞിന്റെ ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറവായിരുന്നു. അന്നു മുതല്‍ മൂന്നാഴ്ച്ച കൂടുമ്പോള്‍ പരിശോധന നടത്തി രക്തം കുറവാണെങ്കില്‍ രക്തം കയറ്റിയിരുന്നു. പല ചികിത്സകള്‍ നല്‍കിയെങ്കിലും പരിഹാരമായിരുന്നില്ല. എന്നാല്‍ വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ.ഗീതാ രാജിനെ കാണാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഡോ.ഗീതാ രാജാണ് വളരെ അപൂര്‍വമായി മാത്രം ബാധിക്കുന്ന ജനിതക രോഗമാണ് കുട്ടിക്കെന്ന് കണ്ടെത്തുന്നത്.

ചെന്നൈ അപ്പോളോ പോലുള്ള അപൂര്‍വം ആശുപത്രികളില്‍ മാത്രമാണ് രോഗത്തിനുള്ള ചികിത്സയുള്ളത്. എന്നാല്‍ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷി ആരവിന്റെ കുടുംബത്തിനില്ല. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുമായി ബന്ധപ്പെടുകയും വി കെയര്‍ പദ്ധതി പ്രകാരം സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ മന്ത്രി പ്രത്യേക താത്പര്യമെടുത്ത്് ചികിത്സ സഹായധനമായി 15 ലക്ഷം രൂപ അനുവദിക്കുകയായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. മജ്ജ മാറ്റിവെക്കല്‍ ചികിത്സയാണ് അപ്പോളയില്‍ നടക്കുക. കുഞ്ഞിന്റെ അച്ചന്റെയും അമ്മയുടേയും മജ്ജ ഭാഗികമായി മാത്രമേ ചേരുകയുള്ളുവെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ പുതിയൊരു ദാതാവിനെ ആശുപത്രി തന്നെ കണ്ടെത്തുകയായിരുന്നു.

ആരവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോ.ഗീതാ രാജുമായും ചെന്നൈ അപ്പോളോ ആശുപത്രിയുമായും എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തരം ഇടപെടലുകള്‍ക്കൊടുവിലാണ് കുടുംബം തിരുവോണ നാളില്‍ ചെന്നൈയിലേക്ക് തിരിക്കുന്നത്. നിധീഷ്-രേഷ്മ ദമ്പതികളുടെ ആദ്യ കുട്ടിയും അപൂര്‍വ രോഗം ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ അന്ന് രോഗം എന്താണെന്ന്് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമാനമായ അവസ്ഥ രണ്ടാമത്തെ കുട്ടിയുടെ കാര്യത്തിലും സംഭവിക്കുമോയെന്ന ആശങ്കയിലായിരുന്നു ഈ കുടുംബം.

Sharing is caring!