മന്ത്രിയും, എം എൽ എയും ഒത്തുപിടിച്ചു; കുഞ്ഞ് ആരവിന്റെ ചികിൽസയ്ക്കായി 15ലക്ഷം ധനസഹായം

മന്ത്രിയും, എം എൽ എയും ഒത്തുപിടിച്ചു; കുഞ്ഞ് ആരവിന്റെ ചികിൽസയ്ക്കായി 15ലക്ഷം ധനസഹായം

താനൂർ: തിരുവോണ നാൾ കുഞ്ഞ് ആരവിനും, കുടുംബത്തിനും പ്രതീക്ഷയുടെ പുലരി കൂടിയാണ് സമ്മാനിക്കുന്നത്. താനൂർ കുണ്ടുങ്ങൽ പട്ടയത്ത് നിധീഷ്-രേഷ്മ ദമ്പതികളുടെ അഞ്ച് മാസം പ്രായമായ മകൻ ആരവ് അന്നാണ് അപൂർവ രോ​ഗത്തിന് വിദ​ഗ്ധ ചികിൽസ തേടി ചെന്നൈയിലേക്ക് തിരിക്കുക. സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയർ പദ്ധതിയുടെ കീഴിൽ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പ്രത്യേക താൽപര്യമെടുത്താണ് ആരവിന് ചികിൽസാ സഹായം അനുവദിച്ചത്. വി അബ്ദുറഹ്മാൻ എം എൽ എയുടെ ഇടപെടലിലൂടെയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന്റെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിലേക്കെത്തിയത്.

ഫിസിയോളജിക്ക് അനീമിയ എന്ന വളരെ അപൂർവ്വമായ ജനിതക രോ​ഗമാണ് നിരവിന്. പ്രതിരോധ ശേഷി ഇല്ലാത്തതു മൂലം വിവിധ രോ​ഗങ്ങൾ കുഞ്ഞിനെ ബാധിച്ചിരുന്നു. പ്രസവ സമയത്ത് തന്നെ കുഞ്ഞിന്റെ ശരീരത്തിൽ രക്തത്തിന്റെ അളവ് കുറവായിരുന്നു.അന്നു മുതൽ മൂന്നാഴ്ച്ച കൂടുമ്പോൾ പരിശോധന നടത്തി രക്തം കുറവാണെങ്കിൽ രക്തം കയറ്റിയിരുന്നു. പല ചികിൽസകൾ നൽകിയെങ്കിലും ശാശ്വതമായ പരിഹാരം ലഭിച്ചിരുന്നില്ല. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ ​ഗീതാ രാജിനെ കാണാൻ വി അബ്ദുറഹ്മാൻ എം എൽ എയുടെ നിർദേശപ്രകാരം കുടുംബം തീരുമാനിക്കുകയായിരുന്നു. ഡോ ​ഗീതാ രാജാണ് അപൂർവ്വ രോ​ഗമാണ് കുട്ടിക്കെന്ന് കണ്ടെത്തുന്നത്.

വളരെ അപൂർവ്വമായി മാത്രം ബാധിക്കുന്ന ജനിതക രോ​ഗമാണ് ആരവിനെന്ന് ഡോക്ടർ ​ഗീതാ രാജ് കണ്ടെത്തുകയായിരുന്നു. ചെന്നൈ അപ്പോളോ പോലുള്ള അപൂർവ്വം ആശുപത്രികളിൽ മാത്രമാണ് ഇതിന് ചികിൽസയുള്ളത്. എന്നാൽ വളരെയേറെ പണം ഇതിന് ചെലവിടേണ്ടതുണ്ട്. ആരവിന്റെ കുടുംബത്തിന് അതിനുള്ള സാമ്പത്തിക ശേഷി ഇല്ല. ഈ അവസ്ഥയിലാണ് ആരോ​ഗ്യമന്ത്രി കെ കെ ശൈലജുമായി ബന്ധപ്പെട്ട് വി കെയർ പദ്ധതി പ്രകാരം സഹായം അഭ്യർഥിച്ചത്. അമ്മ മനസിന്റെ വേദന മനസിലാക്കി മന്ത്രി മുന്നിട്ടിറങ്ങി തന്നെ ചികിൽസാ സഹായധനമായി 15 ലക്ഷം രൂപ അനുവദിക്കുകയായിരുന്നുവെന്ന് വി അബ്ദുറഹ്മാൻ എം എൽ എ പറഞ്ഞു.

മജ്ജ മാറ്റിവെക്കൽ ചികിൽസയാണ് അപ്പോളയിൽ നടക്കുക. കുഞ്ഞിന്റെ അച്ചന്റെയും, അമ്മയുടേയും മജ്ജ ഭാ​ഗികമായി മാത്രമേ ചേരുകയുള്ളുവെന്ന് പരിശോധനയിൽ വ്യക്തമായി. ഇതോടെ പുതിയൊരു ദാതാവിനെ ആശുപത്രി തന്നെ കണ്ടെത്തുകയായിരുന്നു.

ഡോ ​ഗീതാ ​രാജുമായും, ചെന്നൈ അപ്പോളോ ആശുപത്രിയുമായും പലവട്ടം ചികിൽസ സംബന്ധിച്ച് എം എൽ എയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കുടുംബം തിരുവോണ നാളിൽ ചെന്നൈയിലേക്ക് തിരിക്കുന്നത്. നിധീഷ്-രേഷ്മ ദമ്പതികളുടെ ആദ്യ കുട്ടിയും അപൂർവ്വ രോ​ഗം ബാധിച്ച് മരിച്ചിരുന്നു. എന്നാൽ അന്ന് രോ​ഗമേതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമാനമായ അവസ്ഥ രണ്ടാമത്തെ കുട്ടിയുടെ കാര്യത്തിലും സംഭവിക്കുമോയെന്ന ആശങ്കയിലായിരുന്നു ഈ കുടുംബം.

Sharing is caring!