കോവിഡിനെ അതിജീവിച്ച് മലപ്പുറത്തെ 110വയസ്സുകാരി പാത്തു
മലപ്പുറം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസ്സുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. ഓഗസ്റ്റ് 18നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗമുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മികച്ച പരിചരണം നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പി.ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഫ്‌സല്‍, ആര്‍.എം.ഒമാരായ ഡോ. ജലീല്‍, ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പാത്തുവിനെ വീട്ടിലേക്ക് യാത്രയാക്കിയത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




