ധനമന്ത്രാലയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ജലീലിനെ കാത്തിരിക്കുന്നത് 7 വർഷം തടവ്

ധനമന്ത്രാലയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ജലീലിനെ കാത്തിരിക്കുന്നത് 7 വർഷം തടവ്

മലപ്പുറം: കേന്ദ്ര ധനമന്ത്രാലയത്തിന്റെ അന്വേഷണത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനാണെന്ന് തെളി‍ഞ്ഞാൽ ജലീലിനെ കാത്തിരിക്കുന്നത് 7 വർഷം വരെ ജയിൽവാസം. യു എ ഇ കോൺസുലേറ്റിൽ നിന്നും സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റാരോപിതനാണ് മന്ത്രി കെ ടി ജലീൽ. കേന്ദ്ര അനുമതി ഇല്ലാതെയാണോ ജലീൽ വിദേശ സഹായം സ്വീകരിച്ചതെന്ന് ധനമന്ത്രാലയത്തിനു കീഴിലുള്ള എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) അന്വേഷിക്കും. യു എ യിൽ നിന്ന് എത്തിയ 4500 കിലോ​ഗ്രം പാർസലിനെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസിയുമാണ് (എൻ ഐ എ ) അന്വേഷിക്കുന്നത്. സ്വർണ്ണകടത്ത് വിഷയത്തിൽ അന്വേഷണം നടന്നു വരുന്നതിന്റെ ഭാ​ഗമായാണ് ഈ കണ്ടെത്തലുകൾ. സ്വപ്നയെ ജലീൽ ഫോണിൽ ബന്ധപ്പെട്ടതിനു വിശദീകരണം നൽകിയതോടെയാണ് മന്ത്രിയ്ക്ക് നേരെ അന്വേഷണം തിരിഞ്ഞത്.

നിയമവശങ്ങൾ എന്തെല്ലാം?

വിദേശ വിനിമയവുമായ് ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമമാണ് ഫെമ ( ഫോറിൻ എക്സ്ചെയ്ഞ്ച് മാനേജ്മെന്റ് ആക്റ്റ് 1999). മുമ്പ് ഇത് ഫെറ എന്നറിയപ്പെട്ടിരുന്നു. അതായത് ( ഫോറിൻ എക്സ്ചെയ്ഞ്ച് റെ​ഗുലേഷൻ ആക്റ്റ് 1973 ). 49 സെക്ഷനുള്ള ഫെമയിലെ 35ാം വകുപ്പ് പ്രകാരം 1 ലക്ഷം രൂപയിൽ കൂടുതലുള്ള ഏത് പാരിതോഷികങ്ങൾ സ്വീകരിക്കുമ്പോഴും മുൻകൂറായി അനുമതി വാങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ അത് നിയമ വിരുദ്ധമാണ്. ഈ നിയമം ലംഘിച്ച് അനുമതി ഇല്ലാതെ വിദേശത്തുനിന്നും എന്തെങ്കിലും ഇറക്കുമതി ചെയ്താൽ അതിന്റെ 3 ഇരട്ടി പിഴ ഈടാക്കാനും നിയമമുണ്ട്. ഫെമ നിയമം ലംഘിച്ചാൽ പി എം എൽ എ ആക്റ്റ് ( പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്റ്റ് 2002 ) പ്രകാരം 3 വർഷം മുതൽ 7 വർഷം വരെ തടവ് ലഭിക്കാവുന്നതാണ്. എഫ് സി ആർ‍ എ (ഫോറിൻ കോണ്ട്രിബ്യൂഷൻ റെ​ഗുലേഷൻ ആക്റ്റ് 2010) നിയമം അനുസരിച്ച് വിദേശത്ത് നിന്ന് 25000 രൂപയിൽ കൂടുതൽ സഹായം സ്വീകരിക്കുകയാണെങ്കിൽ നിർബന്ധമായും മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് ലംഘിക്കുകയാണെങ്കിൽ സെക്ഷൻ 37 എഫ് സി ആർ എ പ്രകാരം ഒരു വർഷം തടവ് ലഭിക്കാവുന്നതാണ്. ഇങ്ങനെ നീളുന്നു നിയമത്തിന്റെ കുരുക്കുകൾ.

ഒരു മന്ത്രിക്ക് ഇത്തരം നിയമവശങ്ങൾ അറിയില്ലെന്ന വാദം വിശ്വസനീയമല്ല. യു എ ഇ കോണൺസുലേറ്റിൽ നിന്ന് 5 ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചതായും മത​ഗ്രന്ഥങ്ങൾ കൊണ്ടുവന്നതായും മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതാചാര നിർവഹണത്തിന് സഹായിക്കുക മാത്രമാണ് താൻ ചെയ്തത് എന്നാണ് ജലീൽ അവകാശപ്പെടുന്നത്. യു എ ഇ മസ്ജിദുകളിൽ വിതരണം ചെയ്യാൻ നൽകിയ വിശുദ്ധ ഖുർആൻ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ ഇരിപ്പുണ്ടെന്നും ജലീൽ വാദിക്കുന്നു. റമദാൻ കഴിഞ്ഞിട്ടും എന്ത് കൊണ്ടാണ് ഇവ വിതരണം ചെയ്യാതെ ഭദ്രമായി ഇരിക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്. അന്വേഷണത്തിൽ ഖുറാൻ കൈമാറിയിട്ടില്ലെന്ന് യു എ ഇ കോൺസുലേറ്റ് പറയുകയാണെങ്കിൽ അല്ലെങ്കിൽ എൻ ഐ എ അന്വേഷണത്തിൽ തെളിയുകയാണെങ്കിൽ ജലീലിനെ കാത്തിരിക്കുന്നത് യു എ പി എ അടക്കമുള്ള മറ്റു വകുപ്പുകളുമാകും.

തന്റെ ഭാ​ഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ഏതന്വേഷണത്തിനും ആയിരം വട്ടം സമ്മതമാണെന്നും തന്നെ ആർക്കും ഇതിനായി ബന്ധപ്പെടാം എന്നൊക്കെയാണ് ജലീലിന്റെ വാദം. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വർത്തമാന ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രസർക്കാർ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എല്ലാ വർഷങ്ങളിലും യു.എ.ഇ എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങൾ കൊവിഡ് പശ്ചാതലത്തിൽ ഈ വർഷം സമയത്ത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള UAE കോൺസുലേറ്റിലെ കോൺസൽ ജനറലിൻ്റെ സൗഹൃദപൂർണ്ണമായ അന്വേഷണത്തെ തുടർന്ന് ഒരു മതാചാര നിർവഹണത്തിന് സഹായിച്ചത്. ഇതാണ് രാഷ്ട്രീയ എതിരാളികൾ എനിക്കുമേൽ ചാർത്തിയിരിക്കുന്ന മഹാപരാധം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് കൺവീനർ ശ്രീ. ബെന്നി ബഹനൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോൺഗ്രസ്സ് നേതാവ് പി.ടി തോമസ് എം.എൽ.എ, ഗവർണർക്ക് പരാതിയും നൽകിയിരുന്നു. ഇതിനുപുറമെ ബി.ജെ.പി – യൂത്ത്കോൺഗ്രസ്സ് നേതാക്കൾ കേന്ദ്ര സർക്കാറിന് അന്വേഷണമാവശ്യപ്പെട്ട് മെമ്മോറാണ്ടങ്ങളും സമർപ്പിച്ചിരുന്നു. ഇവയുടെയെല്ലാം വെളിച്ചത്തിലാണത്രെ കേന്ദ്രധനകാര്യ മന്ത്രാലയത്തിൻ്റെ അന്വേഷണം നടക്കാൻ പോകുന്നത്. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ഒരു തെറ്റും എൻ്റെ ഭാഗത്ത് സംഭവിച്ചതായി ഞാൻ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വർത്തമാന ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രസർക്കാർ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്. കോൺസുലേറ്റ്, മസ്ജിദുകളിൽ നൽകാൻ പറഞ്ഞ വിശുദ്ധ ഖുർആൻ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. UAE കാലങ്ങളായി ആവശ്യക്കാർക്ക് സാംസ്കാരികാചാരത്തിൻ്റെ ഭാഗമായി നൽകി വരാറുള്ള വേദഗ്രന്ഥങ്ങൾ, ഇവിടെ കൊടുക്കാൻ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കിൽ, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുർആൻ കോപ്പികളും കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും. ഇക്കാര്യം ഞാൻ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ചെയ്യാത്ത തെറ്റിൻ്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. കാലം സാക്ഷി, അന്തിമ വിജയം സത്യത്തിനു തന്നെയാകും.

Sharing is caring!