ഈ സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തരുത്: കെ.എം. ഷാജിയുടെ നിയമസഭാ പ്രസംഗത്തിനെതിരെ എപി സുന്നി നേതാവ്

ഈ സമുദായത്തെ  മുള്‍മുനയില്‍ നിര്‍ത്തരുത്:  കെ.എം. ഷാജിയുടെ നിയമസഭാ പ്രസംഗത്തിനെതിരെ  എപി സുന്നി നേതാവ്

മലപ്പുറം: സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു കൊണ്ട് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സമസത് എപി വിഭാഗം നേതാവ് ഷഫീഖ് ബുഖാരി. വിശുദ്ധ ഖുര്‍ആന്‍ മറയാക്കി സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്നു ഒരു മുസ്ലീം ലീഗ് എംഎല്‍എ നിയമസഭയില്‍ പറയരുതായിരുന്നു. തെളിവുകളില്ലാതെ ഊഹാപോഹങ്ങള്‍ മുന്‍നിര്‍ത്തി മാത്രമാണ് അത്തരം ഒരാരോപണം ഉന്നയിച്ചത്. സംഘപരിവാരം മുസ്ലിംകള്‍ക്കെതിരെ എന്തൊരു കീറച്ചാക്ക് കിട്ടിയാലും വാരിവലിച്ചു മുഖത്തിടുന്ന കാലമാണ്. രാഷ്ട്രീയ പകപോക്കലില്‍ ഈ സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പൂലൂടെ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഒരു മുസ്ലിം ലീഗ് എം.എല്‍.എ. സഭയില്‍ അങ്ങിനെ പറയരുതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ മറയാക്കി സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്നു. തെളിവുകളില്ലാതെ ഊഹാപോഹങ്ങള്‍ മുന്‍നിര്‍ത്തി മാത്രമാണ് അത്തരം ഒരാരോപണം ഉന്നയിച്ചത്. സംഘപരിവാരം മുസ്ലിംകള്‍ക്കെതിരെ എന്തൊരു കീറച്ചാക്ക് കിട്ടിയാലും വാരിവലിച്ചു മുഖത്തിടുന്ന കാലമാണ്. രാഷ്ട്രീയ പകപോക്കലില്‍ ഈ സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തരുത്. ജാഗ്രതയില്ലെങ്കില്‍ സ്വന്തം വിരല്‍ കടിക്കേണ്ടിവരും. അല്ലെങ്കിലും സമുദായ രാഷ്ട്രീയക്കാര്‍ക്ക് സമുദായത്തിനു രാണ്ടാം സ്ഥാനവും അധികാരത്തിനു ഒന്നാം സ്ഥാനവുമാണല്ലോ അനുഭവം. ആസാമില്‍ നിന്നും മറ്റും വന്ന അനാഥകളെ തിരിച്ചയത് ന്യായീകരിച്ച അന്നത്തെ സാമൂഹ്യ നീതി വകുപ്പു മന്ത്രിയെ ആരും മറന്നിട്ടുണ്ടാവില്ല. സി എഛ് പ്രസില്‍ നിന്നടിക്കുന്ന ഖുര്‍ആന്‍ ധാരാളം കിട്ടാനുണ്ടെന്നാണ് അയാളുടെ വാദം. ഇസ്ലാമിക ഗ്രന്ഥങ്ങള്‍ നല്ല ക്വാളിറ്റിയില്‍ പ്രിന്റ് ലഭിക്കുന്നത് അറബ് രാജ്യങ്ങളില്‍ നിന്നാണ്. നുറ്റാണ്ടുകളായി അവ ഇന്ത്യയിലെത്തുകയും ധാരാളം ഗ്രന്ഥാലയങ്ങള്‍ സമ്പന്നവുമായിട്ടുണ്ട്. പൊതുജനം ഒരു സംശയവും ഇക്കാലം വരെ ഉന്നയിച്ചിട്ടില്ലതാനും. പലപ്പോഴും വിദേശത്ത് നിന്നു വരുന്നവര്‍ തങ്ങളുടെ പള്ളികളിലേക്കു ഗിഫ്റ്റായി മുസല്ലയും മുസ്ഹഫും കൊണ്ടുവരുന്ന രീതിയുണ്ട്. അതു പോലും സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ഈ വിവാദം കാരണമാവും. മന്ത്രി തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു കുറ്റം തെളിയിക്കണം. അതില്‍ അഭിപ്രായാന്തരമുള്ള ആളല്ല ഞാന്‍. ഇസ്ലാമിക വിഷയങ്ങള്‍ വരുമ്പോള്‍ മുസ്ലിം ലീഗിനു ഒരു പെരുമാറ്റച്ചട്ടം അനിവാര്യമാണ്. ഇല്ലെങ്കില്‍ സംഘപരിവാരത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി ചരിത്രം വിലയിരുത്തും .

Sharing is caring!