കലക്ടറുടേയും, ഉദ്യോ​ഗസ്ഥരുടേയും കോവിഡ് ഫലം നെ​ഗറ്റീവ്; ആശുപത്രി വിട്ടു

കലക്ടറുടേയും, ഉദ്യോ​ഗസ്ഥരുടേയും കോവിഡ് ഫലം നെ​ഗറ്റീവ്; ആശുപത്രി വിട്ടു

മലപ്പുറം: കലക്ടറുടേയും, സബ് കലക്ടറുടേയും, അസിസ്റ്റന്റ് കലക്ടറുടേയും കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടക്കൽ ആര്യവൈദ്യശാലയിലെ കോവിഡ് കെയർ സെന്ററിൽ കഴിഞ്ഞിരുന്ന ഇവർ ഇന്ന് ഡിസ്ചാർജ് ആയി. ഫലം നെ​ഗറ്റീവായാലും ആരോ​ഗ്യവകുപ്പ് നിർദേശിക്കുന്ന സമയത്തോളം ക്വാറന്റൈനിൽ കഴിയാനാണ് ഇവരുടെ തീരുമാനമെന്ന് കലക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റേയും, സബ് കലക്ടർ, ASP, അസിസ്റ്റൻറ് കളക്ടർ , ക്യാമ്പ് ഓഫീസ് സ്റ്റാഫ് എന്നിവരുടെയും ഇന്നത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി . ഞങ്ങൾ കോട്ടക്കലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്നും മടങ്ങി. റിസൾട്ട് നെഗറ്റീവായി എങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ക്വാറന്റൈനിൽ തുടരും. ചികിത്സയ്ക്കിടയിലും ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ട്. ഈ പ്രവർത്തനങ്ങൾക്കും അതിജീവനത്തിനും പരിപൂർണ്ണ പിന്തുണ നൽകിയ സഹപ്രവർത്തകർക്കും ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും , ജില്ലാ പോലീസ് മേധാവിക്കും , ട്രോമാകെയർ ഉൾപ്പെടെയുള്ള വളണ്ടിയർമാർക്കും പിന്തുണയും പ്രാർത്ഥനയുമായി ഒപ്പം നിന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു.
കഴിഞ്ഞ ഒമ്പത് ദിവസത്തെ ചികിത്സാ കാലയളവിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിന്റെ പ്രവർത്തനം അടുത്തറിയാൻ സാധിച്ചു. ആരോഗ്യ പ്രവർത്തകരും , കുറ്റമറ്റ രീതിയിൽ ട്രീറ്റ്മെൻറ് സെൻറർ ക്രമീകരിക്കുന്നതിൽ നിസ്തൂലമായ പങ്കുവഹിച്ച വിവിധ വകുപ്പുകളിലെ ജീവനക്കാരും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും , കുടുംബശ്രീയും ട്രോമാകെയർ വളണ്ടിയർമാരും ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നവരും , പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഓരോരുത്തരും നിസ്വാർത്ഥമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്. കരുതലോടും ക്ഷമയോടും ജാഗ്രതയോടുമുള്ള അവരുടെ അക്ഷീണ പ്രവർത്തനവും ആത്മാർത്ഥതയും എടുത്തുപറയേണ്ടത് തന്നെയാണ്. കൂടാതെ ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും സന്നദ്ധ സംഘടനകളും ഒരേ മനസ്സായി ഒപ്പമുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തൊട്ടാകെ രാപ്പകൽ വ്യത്യാസമില്ലാതെ ജാഗ്രതയോടും ക്ഷമയോടും കൂടി നിസ്വാർത്ഥ സേവനമർപ്പിക്കുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.
സമ്പർക്ക രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുവരുന്നതിനാൽ അത്യന്തം ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ ജില്ലയിലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനും വൈറസ് വ്യാപനം നിയന്ത്രണാതീതമാകാനും സാധ്യതയുണ്ട്. ഈ മഹാമാരിയെ തുരത്താൻ നമുക്ക് ഒന്നിച്ച് പ്രവർത്തിച്ചേ മതിയാവൂ.
സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നതിനും, കൈകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാളുടെ അശ്രദ്ധ അറിഞ്ഞോ അറിയാതെയോ നിരവധി പേരിലേക്ക് രോഗവ്യാപനത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ആരോഗ്യജാഗ്രതയും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തരുത്.
നമ്മുടെ അശ്രദ്ധ രോഗവ്യാപനത്തിന് കാരണമാകാതിരിക്കാൻ നമ്മൾ ഓരോരുത്തരും സ്വയം കരുതണം. കോവിഡിനെതിരെയുള്ള ഈ യുദ്ധം നമുക്ക് ജയിക്കണം.
ഓരോ ചുവടിലും ജാഗ്രത.
നമ്മൾ അതിജീവിക്കും.
കെ. ഗോപാലകൃഷ്ണൻ IAS
ജില്ലാ കളക്ടർ മലപ്പുറം

എന്റേയും, സബ് കലക്ടർ, ASP, അസിസ്റ്റൻറ് കളക്ടർ , ക്യാമ്പ് ഓഫീസ് സ്റ്റാഫ് എന്നിവരുടെയും ഇന്നത്തെ കോവിഡ് പരിശോധനാ ഫലം…

Posted by Collector Malappuram on Saturday, August 22, 2020

Sharing is caring!