മലബാറിനെ രാജ്യസ്‌നേഹം പഠിപ്പിച്ചത് മമ്പുറം തങ്ങൾ: സ്വാദിഖലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി: ബ്രിട്ടീഷ് അധിനവേശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങാൻ ജാതി മത കക്ഷി ഭേദമന്യെ സർവരെയും സജ്ജമാക്കിയ മമ്പുറം തങ്ങളാണ് മലബാർ ജനതക്ക് രാജ്യസ്‌നേഹം പഠിപ്പിച്ചതെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ.
182-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാക്കളുടെ ജീവിതം ലോക ചരിത്രമായതു പോലെ മമ്പുറം തങ്ങളുടെ ജീവിതമാണ് മലബാറിന്റെ ചരിത്രമായി മാറിയത്. മതങ്ങൾക്കതീതമായി നിലപാടുകൾ പറഞ്ഞ മമ്പുറം തങ്ങൾ ഇതര മതസ്ഥരെ കൂടി ചേർത്തുപിടിച്ചു. രാജ്യത്തിന്റെ അസ്ഥിത്വം ഭീഷണിയിലായ പുതിയ സാഹചര്യത്തിൽ, നമ്മുടെ പാരമ്പര്യവും മത സൗഹാർദ്ദ മാതൃകയും വീണ്ടെടുക്കാൻ മമ്പുറം തങ്ങളെ മാതൃകയാക്കി പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി മേൽമുറി സ്വാഗതം പറഞ്ഞു.
ഇന്ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും സിംസാറുൽഹഖ് ഹുദവി പ്രഭാഷണവും നടത്തും. നാളെ റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അൻവർ മുഹ് യിദ്ദീൻ ഹുദവി പ്രഭാഷണം നടത്തും. 25 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.

26-ന് ബുധനാഴ്ച രാത്രി നടക്കുന്ന ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ ആമുഖ പ്രാർത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ൽ തങ്ങൾ മേൽമുറി നേതൃത്വം നൽകും.

27-ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നൽകും.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ അന്നദാനം നടത്തുന്നില്ല. മഖാമിലേക്കുള്ള നേർച്ചകളും സംഭാവനകളും സ്വീകരിക്കാൻ ദാറുൽഹുദായിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Sharing is caring!