വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം – സമസ്ത

ചേളാരി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 വയസ്സാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച വിവരം പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സാമൂഹികവും സാംസ്കാരികവുമായ നിരവധി പ്രശ്നങ്ങള്‍ക്കിടയാവുമെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 2020 ജൂലായ് 29ന് കേന്ദ്രമന്ത്രി സഭ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. കസ്തൂരി രംഗന് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്ട്ടിന്മേല് നേരത്തെ വിവിധ മേഖലയില്‍പെട്ടവര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി-2020 അംഗീകരിച്ചത്.
ജനാധിപത്യ-മതേതര മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും രാജ്യ പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം നിരാകരിക്കുന്നതാണ് പുതിയനയം. ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അനന്തമായ തൊഴില്‍ സാദ്ധ്യതയുള്ളതും ഇന്ത്യയുടെ സമ്പദ്ഘടനയില്‍ മുഖ്യപങ്ക് വഹിക്കുന്നതുമായ അറബിഭാഷയെ പുതിയ വിദ്യാഭ്യാസ നയത്തില്‍ പരാമര്‍ശിക്കുന്നേയില്ല. പുതിയ തലമുറക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതി ആവിഷ്കരിക്കുന്നതിന് പകരം കേവലം മിത്തുകളും സങ്കല്പങ്ങളും സന്നിവേഷിപ്പിക്കാനുള്ള ആസൂത്രിത നീക്കമായി വേണം കരുതാന്‍. അടിസ്ഥാന വിഭാഗത്തിന്റെയും ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസ ഉന്നതിക്കായി ഏര്‍പ്പെടുത്തിയ സംവരണം അട്ടിമറിച്ച് മെറിറ്റ് മാത്രം ആധാരമാക്കുന്നത് വിദ്യാഭ്യാസം വരേണ്യവല്‍ക്കരിക്കാനും കമ്പോള വല്കരിക്കാനും കാരണമാവും. രാജ്യത്ത് നിലനിന്നുവരുന്ന വിവിധ മത വിദ്യാഭ്യാസ സംവിധാനത്തെ പുതിയ നയത്തില്‍ പരാമര്‍ശിക്കാത്തതും ഖേദകരമാണ്. പുതിയ വിദ്യാഭ്യാസ നയം കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കി ആശങ്കകള്‍ ദൂരീകരിച്ച് മാത്രമെ നടപ്പാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിക്ടേര്‍സ് ചാനല്‍ വഴി നടത്തുന്ന ഫസ്റ്റ്ബെല്‍ ഓണ്‍ലൈന്‍ സ്കൂള്‍ പഠന ക്ലാസില്‍ അറബി, ഉറുദു, സംസ്കൃതം ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതുതായി മൂന്ന് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടുകൂടി സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 10269 ആയി. ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ പല്ലേടപടപ്പ്, മഞ്ചേശ്വരം (കാസര്‍ഗോഡ്), എം.ഐ.സി മദ്റസ കൊണ്ടിപറമ്പ്, പള്ളിപ്പടി (മലപ്പുറം), നുസ്റത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ പാലിശ്ശേരി (തൃശ്ശൂര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്, പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന് മുസ്ലിര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മായില്‍കുഞ്ഞു ഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
RECENT NEWS

സ്വന്തംനാടായ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് എം.സ്വരാജ്
മലപ്പുറം: സ്വന്തംനാടായ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് എം.സ്വരാജ്. ബല്‍റാമിനെതിരെയും സ്വന്തംനാട്ടിലേക്കും മത്സരിക്കാനില്ലെന്ന നിലപാടിലാണ് സി.പി.എം യുവ നേതാവ്. തൃപ്പൂണിത്തുറ എം.എല്‍.എയായ എം. സ്വരാജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തംനാടായ [...]