കോവിഡ് വാക്‌സിന്‍: പരീക്ഷണത്തിന് വിധേയനായി മലപ്പുറത്തുകാരന്‍

കോവിഡ് വാക്‌സിന്‍:  പരീക്ഷണത്തിന്  വിധേയനായി  മലപ്പുറത്തുകാരന്‍

തിരൂരങ്ങാടി: കോവിഡിനെതിരെയുള്ള കുത്തിവെപ്പിന്റെ വാക്‌സിന്‍ പരീക്ഷണത്തിന് സ്വയം വിധേയനായി മലപ്പുറത്തെ യുവാവ്. കക്കാട് കരിമ്പില്‍ സ്വദേശി കെ. നൗഷാദാണ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയത്. രണ്ടരവര്‍ഷമായി ബഹ്‌റൈനില്‍ സീസണ്‍ ഗ്രൂപ്പ് കമ്പനിയില്‍ ഷെഫായി ജോലിചെയ്തുവരുന്ന നൗഷാദ് കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്തിയ നൗഷാദ് ഫെബ്രുവരിയില്‍ തിരിച്ചു പോയതാണ്. കോവിഡിനെതിരെയുള്ള വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം തല്‍പരനായി ബഹ്‌റൈന്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും മെസ്സേജ് വന്നതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ സ്വീകരിക്കുകയുമായിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് നൗഷാദ് ഉള്‍പ്പെട്ടത്. കോവിടിനെ ലോകത്ത് നിന്ന് തന്നെ തുടച്ച് നീക്കാന്‍ എന്നാല്‍ കഴിയുന്ന സംഭാവന മാത്രമാണ് ചെയ്തതെന്ന് നൗഷാദ് പറഞ്ഞു. ബഹ്‌റൈനില്‍ ആറായിരത്തോളം പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ചൈനയുടെ സിനോഫാം സി.എന്‍.ബി.ജിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ചൈനയുടെ സര്‍ക്കാര്‍ സംവിധാനത്തിന്റ പിന്തുണ കൂടിയുള്ള ഔദ്യോഗിക കമ്പനിയാണ് സിനോ ഫാം കമ്പനി. ലോകത്തിലെ ആറാമത്തെ വാക്‌സിന്‍ ഉത്പാദകരായ സിനോ ഫാം കമ്പനി മൂന്നാംഘട്ട പരീക്ഷണത്തില്‍ നിരവധി രാജ്യങ്ങളില്‍ ഒരേസമയത്ത് പതിനായിരങ്ങളിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഓഗസ്റ്റ് 16 ന് ആദ്യ ഡോസ് സ്വീകരിച്ചശേഷം ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് നൗഷാദ് പറഞ്ഞു. ഓരോ ദിവസത്തെയും ആരോഗ്യവിവരങ്ങള്‍ നാല് നേരം സ്വയം പരിശോധന നടത്തി രേഖപ്പെടുത്താനുള്ള ഡയറിയും നല്‍കിയിട്ടുണ്ട്. ഇരുപത്തിയൊന്നാം ദിവസമായ സപ്തംബര്‍ ആറിനാണ് അടുത്ത വാക്‌സിന്‍. 35 ആം ദിവസവും 49 ആം ദിവസവും ഡോക്ടര്‍ പരിശോധിക്കും. 12 മാസമാണ് ഇതിന്റെ പഠന കാലാവധി.
ഡിവൈഎഫ്‌ഐ കരിമ്പില്‍ യൂണിറ്റ് ഭാരവാഹിയായിരുന്ന നൗഷാദിന്റെ ഈ സന്നദ്ധതക്ക് പിതാവ് സൈതലവിയും, മാതാവ് സുഹ്‌റയും, ഭാര്യ മുഹ്‌സിനയും നാട്ടുകാരും അഭിനന്ദിച്ചു.

Sharing is caring!