പരാതിക്കാരനെ വേട്ടയാടാതെ അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണം: കെ.പി.എ മജീദ്

പരാതിക്കാരനെ വേട്ടയാടാതെ അഴിമതിയില്‍ അന്വേഷണം  പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍  തയാറാവണം: കെ.പി.എ മജീദ്

മലപ്പുറം: അഴിമതി ചൂണ്ടിക്കാണിച്ച മാല്‍കോ ടെക്സ് മാനേജര്‍ക്കെതിരെ രാജിവെച്ചിട്ടും തുടരുന്ന തൊഴില്‍ പീഡനം അവസാനിപ്പിക്കുന്നതിനും ഉന്നയിക്കപ്പെട്ട പരാതിയില്‍ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയാറാവണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
മാല്‍കോ ടെക്സ് എം.ഡിക്കെതിരെ അഴിമതി ആരോപിച്ച് പരാതി നല്‍കിയ മുന്‍ ഫിനാന്‍സ് മാനേജര്‍ സഹീര്‍ കാലടിയെ നഷ്ടപരിഹാരം, ഗ്രാറ്റുവിറ്റിയുടെ മുഴുവന്‍ തുക എന്നിവ നല്‍കാതെ വ്യവസായ വകുപ്പ് ഇപ്പോഴും വേട്ടയാടുകയാണ്. അഴിമതി സംബന്ധിച്ച പരാതിയില്‍ യാതൊരു അന്വേഷണവും നടത്താതെ പരാതിക്കാരനെ ദ്രോഹിക്കുന്ന സമീപനമാണ് വ്യവസായ വകുപ്പിന്റേത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനുള്‍പ്പടെയുള്ളവര്‍ക്ക് തൊഴില്‍ പീഡനത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ അരോപണ വിധേയമായ അതേ ഓഫീസിനെ തന്നെ അന്വേഷണചുമതല ഏല്‍പ്പിച്ചതിലൂടെ പരാതിക്കാരനെ അവഹേളിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തത്.
ബന്ധുനിയമന വിവാദത്തില്‍ പരസ്യമായി പ്രതികരിച്ചതിനാണ് സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടല്‍ തുടരുന്നത്. ഇരട്ട ബിരുദാനന്തര ബിരുദവും 13 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരുന്ന സഹീര്‍ കാലടിയെ മറികടന്നാണ് മന്ത്രി കെ.ടി ജലീല്‍ ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമനം നല്‍കിയത്. യോഗ്യതയുണ്ടായിട്ടും അവഗണിച്ചതിനെതിരെ പ്രതികരിച്ചതിന് നിലവില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ പീഡനം ഏല്‍ക്കേണ്ടിവരികയും രാജിവെക്കുകയും ചെയ്ത ജീവനക്കാരനെ വേട്ടയാടുന്ന സമീപനം അംഗീകരിക്കാനാവില്ല. അഴിമതി സംബന്ധിച്ച അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Sharing is caring!