മുസ്ലിംലീഗിന്റെ 1.40ലക്ഷം വളണ്ടിയര്‍മാര്‍ സേവന രംഗത്തേക്ക്

മുസ്ലിംലീഗിന്റെ  1.40ലക്ഷം വളണ്ടിയര്‍മാര്‍  സേവന രംഗത്തേക്ക്

മലപ്പുറം: പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ സ്മരണാര്‍ത്ഥം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെയും സി.എച്ച് സെന്ററിന്റെയും നേതൃത്വത്തില്‍ കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് കെയര്‍ സേവനങ്ങള്‍ക്ക് തുടക്കമായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മലപ്പുറത്ത് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനവും ഫ്ളാഗ് ഓഫും നിര്‍വഹിച്ച് പദ്ധതി നാടിന് സമര്‍പ്പിച്ചു. സൂം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ആയിരങ്ങള്‍ ഉദ്ഘാടന ചടങ്ങ് വീക്ഷിച്ചു. പത്മശ്രീ ഡോ: എം.ആര്‍ രാജഗോപാല്‍, ഡോ: കെ. സുരേഷ് കുമാര്‍, ഡയറക്ടര്‍- ഐ.പി.എം, കോഴിക്കോട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എ റസാഖ് മാസ്റ്റര്‍, കെ.പി കോയ തുടങ്ങിയവരും ഡോ. അഷ്‌റഫ് ടി.പി, ഡോ: ഇദ്രീസ്, ഡോ. അമീര്‍ അലി എന്നീ ആരോഗ്യരംഗത്തെ വിദഗ്ധരും സംസാരിച്ചു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെയും സി.എച്ച് സെന്ററിന്റെയും നേതൃത്വത്തില്‍ താമരശ്ശേരിക്ക് സമീപം നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്പെഷ്യാല്‍റ്റി മെഡിക്കല്‍ ആശുപത്രിയായ ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സ്റ്റിംസ്) പദ്ധതിയുടെ ആദ്യഘട്ട ജനകീയ സംവിധാനമാണ് പാലിയേറ്റീവ് ഹോം കെയര്‍. രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനങ്ങളടക്കം ലഭ്യമാകുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനം ഏഷ്യയില്‍ത്തന്നെ ഇതാദ്യമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആയിരിക്കും പ്രാരംഭഘട്ടത്തില്‍ പദ്ധതി പ്രവര്‍ത്തിക്കുക. ഡോക്ടര്‍, നഴ്‌സ്, ഡ്രൈവര്‍, വളണ്ടിയര്‍ എന്നിവരാണ് സംഘത്തിലുണ്ടാവുക. കോവിഡ് കാലത്ത് കിടപ്പു രോഗികള്‍ക്ക് ഈ സേവനം വലിയ അനുഗ്രഹമാകും. രോഗിക്ക് രാത്രിയില്‍ പ്രയാസമുണ്ടായാല്‍ വളണ്ടിയറെ വിളിച്ച് വിവരം പറഞ്ഞാല്‍ സഹായമെത്തും. ഇവര്‍ക്ക് സാധ്യമാകാത്ത ചികിത്സയാണെങ്കില്‍ വാഹനത്തില്‍ സൗജന്യമായി ആശുപത്രിയിലെത്തിക്കും. ഓരോ നാട്ടിലും ഒരു കുടുംബ ഡോക്ടര്‍ എന്ന ആശയമാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്. ഒരു ലക്ഷത്തിനാല്‍പതിനായിരം വളണ്ടിയര്‍മാരാണ് ഇതുവഴി വളണ്ടിയര്‍ സേവന രംഗത്തേക്ക് കടന്നുവരുന്നത്. സേവന സന്നദ്ധരായ മൂന്ന് മുതിര്‍ന്ന പുരുഷന്മാരും രണ്ട് യുവാക്കളും രണ്ട് സ്ത്രീകളും അടങ്ങുന്ന വളണ്ടിയര്‍മാരാണ് ഓരോ വാര്‍ഡുകളിലും പ്രവര്‍ത്തിക്കുക. ആറു ഘട്ടങ്ങളിലായാണ് ഇവര്‍ക്കുള്ള പരിശീലനം. കിടപ്പിലായ രോഗികളുടെ പരിചരണം, മാനസികരോഗികളുടെ ചികിത്സ, വൃക്ക രോഗികളുടെ പരിചരണവും വൃക്കരോഗ ബോധവല്‍ക്കരണവും, ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിചരണം, പൊതുജനാരോഗ്യ ബോധവല്‍ക്കരണം എന്നിങ്ങനെ അഞ്ചു മേഖലകളിലായാണ് പരിശീലനം.

Sharing is caring!