രാജ്യനന്മക്ക് ഒന്നായി മുന്നേറാം: ജിഫ്രി തങ്ങള്‍

രാജ്യനന്മക്ക്  ഒന്നായി മുന്നേറാം:  ജിഫ്രി തങ്ങള്‍

മലപ്പുറം: നമ്മുടെ രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. മതജാതി ചിന്തകള്‍ക്കതീതമായി ഇന്ത്യയെന്ന വികാരവും വിചാരവും ഉണ്ടായിരുന്ന മുന്‍ഗാമികളുടെ സഹനത്തിന്റേയും പോരാട്ടത്തിന്റേയും ഫലമാണ് നാം ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം. വിവിധ തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും മുന്നേറുന്നത്. രാജവാഴ്ച്ചയോ ഏകാധിപത്യമോ ഇല്ലാത്ത ജനാധിപത്യം തന്നെയാണ് നമ്മെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നതും.

എന്നാല്‍ കൊവിഡ് എന്ന മഹാമാരി നമ്മുടെ രാജ്യത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്. ജനജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്നു. നാം അതീജീവനത്തിന്റെ പുതിയ മാര്‍ഗങ്ങളും രീതികളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന സമയമാണിത്. ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും ക്ഷേമത്തിനും ഐശ്യര്യത്തിനുമാണ് ഭരണാധികാരികള്‍ മുന്‍ഗണന നല്‍കേണ്ടത്.

പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കാനാണ് പരിശ്രമിക്കേണ്ടത്. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദത്തിനും മതമൈത്രിക്കും പരിക്കേല്‍ക്കുന്ന നടപടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ എല്ലാവരും പരിശ്രമിക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ ജന വിഭാഗങ്ങളെ ഒരിമിച്ച് നിര്‍ത്തുകയും രാജ്യപുരോഗതിക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന നല്ല നാളെകള്‍ ഉണ്ടാവേണ്ടതുണ്ട്. പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനും രാജ്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനും പ്രതിജ്ഞയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താമെന്നും തങ്ങള്‍ സ്വതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.

Sharing is caring!