തുടർച്ചയായ് നാലാം ദിവസവും രോ​ഗികളുടെ എണ്ണം 200 കവിഞ്ഞു ഇന്ന് 202 രോ​ഗികൾ

തുടർച്ചയായ് നാലാം ദിവസവും രോ​ഗികളുടെ എണ്ണം 200 കവിഞ്ഞു  ഇന്ന് 202 രോ​ഗികൾ

മലപ്പുറം: ജില്ലയിൽ ഇന്ന് 202 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ നാല് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 26 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധ. തുടർടച്ചയായി നാലാം ദിവസമാണ് ജില്ലയിൽ രോ​ഗികളുടെ എണ്ണം 200 കവിയുന്നത്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 158 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ്പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 11 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 61 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയിൽ ഇതുവരെ 2,327 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

നിരീക്ഷണത്തിലുള്ളത് 33,694 പേർ

33,694 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,671 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 550 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 19 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 93 പേരും ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ ഒമ്പത് പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 68 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 192 പേരും കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 733 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 30,875 പേർ വീടുകളിലും 1,148 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

69,105 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയിൽ നിന്ന് ഇതുവരെ ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 78,512 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 76,006 പേരുടെ ഫലം ലഭ്യമായതിൽ 69,105 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,393 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!