സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറിനെ മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന

സിവില്‍ ഏവിയേഷന്‍  ഡയറക്ടര്‍ ജനറല്‍  അരുണ്‍ കുമാറിനെ  മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന

കോഴിക്കോട്: സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറിനെ മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ലാന്‍ഡിങ് പിഴവാണ് അപകടകാരണമെന്ന അരുണ്‍ കുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് സംഘടനയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായാണ് അരുണ്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തെഴുതിയത്.

അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് നിഗമനത്തില്‍ എത്തിയത് എങ്ങനെയെന്നാണ് പൈലറ്റുമാരുടെ സംഘടനയുടെ ചോദ്യം. കൂടാതെ അപകടത്തില്‍ മരിച്ച പൈലറ്റുമാരെ ഡിജിസിഐ അപമാനിച്ചെന്നും പ്രതിഷേധം അറിയിച്ച് മന്ത്രിക്കെഴുതിയ കത്തില്‍ പൈലറ്റുമാര്‍ വ്യക്തമാക്കുന്നു

വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴക്കാലത്ത് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കുന്നത് തടഞ്ഞ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഉത്തരവിട്ടത്. ആഗസ്റ്റ് ഏഴിന് ദുബൈയില്‍ നിന്നെത്തിയ ഐഎക്‌സ് 1344 വിമാനം അപകടത്തില്‍പെട്ട് യാത്രക്കാരും ജീവനക്കാരും അടക്കം 18 പേര്‍ മരിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഉത്തരവ്.

കരിപ്പൂര്‍ വിമാനപകടത്തില്‍ പരിക്കേറ്റവരില്‍ 86 പേരാണ് ഇനി ചികിത്സയിലുള്ളത്. 24 പേര്‍ക്ക് കാര്യമായ പരിക്കുണ്ട്. 60 പേരുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടം അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറും വിശദമായി പരിശോധിച്ച് വരികയാണ്.

അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡുമായും ബോയിംഗിന്റെ സംഘവുമായും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനിടെ തകര്‍ന്നുകിടക്കുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ചുവെച്ചിരിക്കുകയാണിപ്പോള്‍.

Sharing is caring!