മലപ്പുറത്തിന്റെ നന്മയെ പുകഴ്ത്തി ദി ടെല​ഗ്രാഫ് പത്രത്തിൽ പ്രധാന വാർത്ത

മലപ്പുറത്തിന്റെ നന്മയെ പുകഴ്ത്തി ദി ടെല​ഗ്രാഫ് പത്രത്തിൽ പ്രധാന വാർത്ത

മലപ്പുറം: ജില്ലയുടെ കാരുണ്യം ലീഡ് വാർത്തയാക്കി ദേശീയ മാധ്യമം. എല്ലാവരും അപമാനിക്കാൻ ശ്രമിച്ച മലപ്പുറം കാരുണ്യം കൊണ്ട് മറുപടി നൽകിയെന്നാണ് വിമാന അപകട സമയത്തെ രക്ഷാദൗത്യത്തെ ആസ്പദമാക്കി തയ്യാറാക്കിയ വാർത്തയുടെ തലക്കെട്ട്. ആന വിവാദം അടക്കം മലപ്പുറത്തെ അപമാനിക്കാൻ പലരും ഉപയോ​ഗിച്ചപ്പോൾ അതിനുള്ള മറുപടി കൂടിയാണ് രാജ്യത്തെ പ്രധാന ഇം​ഗ്ലീഷ് പത്രങ്ങളിൽ ഒന്നായ ദി ടെല​ഗ്രാഫ് നൽകിയത്.

സംഘപരിവാറുകാർക്ക് മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറമെന്നും ദുഷ്ടമാരുടേയും, തീവ്രവാദികളുടേയും നാടായിരുന്നുവെന്ന് ടെല​ഗ്രാഫ് പറയുന്നു. എന്നാൽ അപവാദം പ്രചരിപ്പിക്കുന്നവരുടെ ശബ്ദത്തേക്കാൾ ഉയർന്ന ഒരു മറുപടിയാണ് മലപ്പുറം ഇതിന് നൽകിയത്. പക്ഷേ അത് കരുണയുടെ ഭാഷയിലായിരുന്നു. ​ഗർഭിണിയായ ഒരു ആന വെടിമരുന്ന് നിറഞ്ഞ പൈനാപ്പിൾ പൊട്ടിത്തെറിച്ച് മരിച്ചപ്പോൾ മലപ്പുറത്തെ ആകെ അധിക്ഷേപിച്ച മനേക ​ഗാന്ധി മലപ്പുറത്തെ വിശേഷിപ്പിച്ചത് ക്രിമിനൽ വാസന ഉള്ളവരുടെ നാടെന്നായിരുന്നു. മലപ്പുറത്തിന് തൊട്ടടുത്ത ജില്ലയായ പാലക്കാട് ആണ് സംഭവം നടന്നതെങ്കിലും പഴി കേട്ടത് മലപ്പുറമായിരുന്നു.

എന്നാൽ ആരും വിറങ്ങലിക്കുന്ന ഒരു ദുരന്തം സംഭവിച്ചപ്പോൾ കൊണ്ടോട്ടി സ്വദേശികൾ ഒന്നടങ്കം രക്ഷാപ്രവർത്തനത്തിന് രം​ഗത്തിറങ്ങി. കൊറോണയെ പോലും മറന്ന് ദുരന്തം അറിഞ്ഞവർ ഓരോരുത്തരായി രക്ഷാപ്രവർത്തനം നടത്തി. വിമാനത്തിന് തീപിടിക്കുമെന്നോ, കൊറോണ ബാധിക്കുമെന്നോ എന്ന ഭയങ്ങളൊന്നും ആർക്കും ഇല്ലായിരുന്നു. ഇങ്ങനെ കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ മേൻമയും എടുത്തു പറഞ്ഞാണ് ടെല​ഗ്രാഫ് മലപ്പുറത്തെ പുകഴ്ത്തിയത്.

നരേന്ദ്ര മോദിയുടെ ജനവിരുദ്ധ നിലപാടുകളെ പരിഹസിക്കുന്ന രീതിയിൽ വാർത്തകളും, തലക്കെട്ടുകളും നൽകിയാണ് ദി ടെല​ഗ്രാഫ് പലപ്പോഴും മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിർഭയമായി വാർത്ത നൽകുക വഴി മലയാളികൾക്കിടയിൽ ഏറെ വായനക്കാരുണ്ട് ഈ പത്രത്തിന്.

Sharing is caring!