കണ്ണീര്‍വറ്റാതെ കവളപ്പാറ. ദുരന്തത്തിന് ഒരാണ്ട്
മലപ്പുറം: തുടച്ചുമാറ്റപ്പെട്ട ഒരു നാടിന്റെ നേര്‍ക്കാഴ്ചയാണ് കവളപ്പാറ. ഒരൊറ്റ നിമിഷം കൊണ്ട് നാടിനെ തുടച്ച് മാറ്റപ്പെട്ട കഥയാണ് കവളപ്പാറയുടേത്.
ആ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും മുറിവുണങ്ങാതെ വേദനിക്കുകയാണിവര്. നിമിഷ നേരം കൊണ്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ കണ്മുന്നില് ഒലിച്ച് പോകുന്നത് നിസ്സഹായതയോടെ നോക്കി നില്ക്കാന് വിധിക്കപ്പെട്ടവാണിവര്. നൂറേക്കറിലധികം വരുന്ന പ്രദേശത്തേക്കാണ് കവളപ്പാറയിലെ മുത്തപ്പന് മല ഇടിഞ്ഞ് താഴ്ന്നത്. കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ കവളപ്പാറ മണ്ണിനടിയിലായി. ഒപ്പം കുറേയേറെ മനുഷ്യ ജീവനുകളും അവരുടെ സ്വപ്നങ്ങളും. കഴിഞ്ഞ ആഗസ്ത് എട്ടിന് രാത്രി 7.50 ഓടെയാണ് ദുരന്തമുണ്ടാകുന്നത്. എന്നാല്‍ പിറ്റേ ദിവസം 10 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. നൂറേക്കറിലധികം വരുന്ന പ്രദേശത്തേക്ക് ഇരുപതടിയിലധികം താഴ്ച്ചയിലേക്കാണ് മണ്ണ് പതിച്ചത്.
59 ആളുകളും 42 വീടുകളും മണ്ണിനടിയിലായി. ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11-നാണ് അഗ്നിരക്ഷാസേനക്ക് സ്ഥലത്തെത്താന്‍ സാധിച്ചത്. ഉച്ചക്ക് 12.30-ന് നാലുവയസ്സുകാരി അനഘയെ മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. 18 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ 48 പേരെ മണ്ണിനടയില്‍നിന്ന് കണ്ടെത്തി. മണ്ണിനടിയില്‍ അവശേഷിക്കുന്ന 11 പേര് ഇന്നും നാടിന്റെ നൊമ്പരമാണ്.
ഉരുള്‍പൊട്ടലില്‍ ‘മാഞ്ഞുപോയ’ കവളപ്പാറയെ സംസ്ഥാന സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്താന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. പി വി അന്‍വര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. മരിച്ചവരുടെ 59 കുടുംബങ്ങള്‍ക്ക് നാല് ലക്ഷം വീതം 2.36 കോടി രൂപ നല്കി. വീടുകളില്‍ വെള്ളംകയറി നാശമുണ്ടായവര്‍ക്ക് 10000 രൂപ വീതവും വിതരണംചെയ്തു. ഭൂമിയും വീടും വാസയോഗ്യമല്ലാത്ത 102 കുടുംബങ്ങള്‍ക്ക് ഭൂമിക്ക് ആറ് ലക്ഷം വീതം 6.12 കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 63 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ നാല് ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. പേരിലെ വ്യത്യാസം, ബേങ്ക് അക്കൗണ്ട് അവ്യക്തത, ആളുകള്‍ മരിച്ച കുടുംബങ്ങളിലെ അവകാശത്തര്‍ക്കം എന്നിവ കാരണം ചുരുക്കം ചിലര്‍ക്ക് സഹായം ലഭിക്കാന്‍ കാലതാമസമുണ്ടായി. പ്രളയത്തില്‍ തകര്‍ന്ന റോഡ് നിര്‍മാണം നടത്തി. നിരവധി ക്യാമ്പുകളില്‍ ക്യാമ്പുകള്‍ക്കും സഹായമെത്തിച്ചു. പോത്തുകല്ലിലെ ക്യാമ്പിനുമാത്രം പത്ത് ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. കവളപ്പാറയില്‍ ഭൂമി നഷ്ടപെട്ടവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്കി. സുമനസുകളുടെ സഹായത്താല്‍ നിരവധി വീടുകളാണ് ഒരുങ്ങുന്നത്. കേരള മുസ്ലിം ജമാഅത്ത് തുടങ്ങിയ സംഘടനകളും എം എ യൂസഫലിയടക്കമുള്ള വ്യവസായികളും നിരവധി വീടുകളാണ് സ്പോണ്സര് ചെയ്ത് നിരവധി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിയക്കുയാണ്.
കവളപ്പാറ ദുരന്തത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം നൂറു കണക്കിനു കുടുംബങ്ങളുടെ ജീവിതോപാദിയായ കൃഷിഭൂമിയും നശിച്ചു. മുത്തപ്പന്‍കുന്നിലെ മുപ്പതേക്കറോളം വരുന്ന കൃഷിയും മണ്ണടിഞ്ഞ വയലിലെ ഇരുപതേക്കറോളം വരുന്ന കൃഷിയും മണ്ണടിഞ്ഞ വയലിലെ ഇരുപതേക്കറോളം കൃഷിയും ഇല്ലാതായി. ദുരന്തസമയത്തും തന്നെ ഉന്നത കൃഷി ഉദ്യോഗസ്ഥര്‍ കവളപ്പാറയില്‍ എത്തി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. എന്നാല്‍ ഭൂമിയടക്കം കൃഷി നഷ്ടമായവരുടെ കാര്യത്തില്‍ ഒരുത്തരം പറയാന്‍ പോലും കൃഷിവകുപ്പ് തയാറല്ല. ദുരന്തഭൂമി അതുപോലെ ദിവസവും കാണുന്നത് തന്നെ നാട്ടുകാര്‍ക്ക് വിഷമമുണ്ടാക്കുന്നുണ്ട്. ഈ മേഖലയില്‍ വീണ്ടും കൃഷിയാരംഭിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
കവളപ്പാറ ദുരന്തത്തിന് ഒരാണ്ട് ദിവസം തികയുമ്പോഴും 31 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പില്‍ കഴിയുന്നു. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരുണ്ട് അവര്‍. പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിലുള്ള ഈ ക്യാമ്പിലാണ് അവര്‍ കഴിയുന്നത്.
ഉരുള്‍പ്പൊട്ടല്‍ ഉറ്റവരെ മാത്രമല്ല, അവരുടെ ജീവിതംതന്നെ തട്ടിയെടുത്തു. ആ രാത്രി നഷ്ടപ്പെട്ട ജീവിതതാളം ഇനിയും പലര്‍ക്കും തിരിച്ചുപിടിക്കാനായിട്ടില്ല. എല്ലാം വിധിയെന്ന് ആശ്വസിക്കുന്നു. ഇല്ലായ്മകള്‍ക്കിടയിലും ഒപ്പം നിന്നവരോട് നന്ദി മാത്രം. പറഞ്ഞുതുടങ്ങുമ്പോള്‍ സങ്കടങ്ങള്‍ ഏറെയുണ്ട്. കവളപ്പാറയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ക്യാമ്പ്.
ക്യാമ്പിലായതിനാല്‍ ഭക്ഷണം കിട്ടും. പോത്തുകല്ലില്‍ പരിചയക്കാരില്ലാത്തതിനാല്‍ ക്യാമ്പിലെ ഭൂരിഭാഗം ആളുകള്‍ക്കും ജോലിയൊന്നുമില്ല. 35000 രൂപ പ്രതിമാസം വാടക നല്‍കിയാണ് സര്‍ക്കാര്‍ പോത്തുകല്ലില്‍ ഒരുമാസമായി ക്യാമ്പ് നടത്തുന്നത്. ബയോഗ്യാസ് സംവിധാനമുള്ള ടോയ്ലറ്റ് സൗകര്യത്തിന് ഒരു മാസം 36000 രൂപയാണ് വാടക.
ക്യാമ്പില്‍ കഴിയുന്ന 31 കുടുംബങ്ങള്‍ക്കും വീടും സ്ഥലത്തിനും ആയി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്കിയാല് മതിയെന്നും തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്കിയാല് മതിയെന്നും കഴിഞ്ഞദിവസം ചേര്‍ന്ന ഊരു കൂട്ടത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




