കരിപ്പൂര്‍ വിമാന അപകടം: രക്ഷിതാക്കളെ കാണാതെ അനാഥമായി കുഞ്ഞുങ്ങള്‍

കരിപ്പൂര്‍ വിമാന അപകടം: രക്ഷിതാക്കളെ കാണാതെ  അനാഥമായി കുഞ്ഞുങ്ങള്‍

മലപ്പുറം: കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായതോടെ രക്ഷിതാക്കളെ കാണാതെ അനാഥമായി കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍. സംരക്ഷണം ഏറ്റെടുത്ത് പോലീസും നാട്ടുകാരും. സോഷ്യല്‍മീഡിയയില്‍ ഫോട്ടോ പ്രചരിപ്പിച്ച് ചിലരുടെ രക്ഷിതാക്കളെ കണ്ടെത്തി. മറ്റു ചിലകുട്ടികളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് കണ്ട് വീട്ടുകാര്‍ ആശുപത്രികളിലേക്കുപോയി. മലപ്പുറം എടപ്പാള്‍ സ്വദേശിയുടെ കുഞ്ഞിന്റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ രാത്രി തന്നെ കൊണ്ടോട്ടി ആശുപത്രിയിലേക്ക് തിരിച്ചു. വിമാനത്തില്‍ 10കുട്ടികളാണ് യാത്രക്കാരായുണ്ടായിരുന്നത്. തുടര്‍ന്ന് കുഞ്ഞുങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിതാക്കള്‍ എവിടേയാണെന്ന് കണ്ടെത്താനായില്ല. ഓരോരുത്തരുടേയും സുരക്ഷ ഉറപ്പാക്കുകമാത്രമായിരുന്നു ഓരോരുത്തരുടേയും ലക്ഷ്യം. ചിലരെ കൊണ്ടോട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരുക്ക് ഗുരുതരമുളളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ചില കുഞ്ഞുങ്ങള്‍ അബോധാവസ്ഥയിലുമായിരുന്നു. തുടര്‍ന്ന് ആശുപത്രി വരാന്തകളില്‍ അനാഥമായി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയത്. മതാപിതാക്കള്‍ കൂടെയുണ്ടായിരുന്നുവെന്നും കാണാനില്ലെന്നും പറഞ്ഞാണ് കുഞ്ഞുങ്ങള്‍ ആശുപത്രി വരാന്തയില്‍ കിടന്ന് കരഞ്ഞത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും എത്തി സമാധാനിപ്പിക്കുകയും ബന്ധുക്കളെ ആശുപത്രിയില്‍ വിളിച്ചു വരുത്തുകയുമായിരുന്നു. അപകടത്തിന്റെ ഷോക്കില്‍നിന്നും പലരും രാത്രി വൈകിയും മാറിയിരുന്നില്ല. വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാരിലുണ്ടായ 10 കുട്ടികളുമുണ്ട്.അപകടത്തില്‍ പരിക്കേറ്റ നിരവധിപേരെ കൊണ്ടോട്ടിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു പോലീസിനെയും ഫയര്‍ഫോഴ്സിനെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടന്നതോടെയാണ് ആളുകളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്.
അതേ സമയം അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

Sharing is caring!