ജില്ലയില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ജില്ലയില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മലപ്പുറം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മി കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലായി ആളുകള്‍ മാറിതാമസിക്കണം.

ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലാ കണ്‍ട്രോള്‍ റൂം 1077, 0483: 2736320

താലൂക്ക് തല കണ്‍ട്രോള്‍ റൂം

പൊന്നാനി 0494 2666038
തിരൂര്‍-0494 2422238
തിരൂരങ്ങാടി- 0494 2461055
ഏറനാട്- 0483 2766121
പെരിന്തല്‍മണ്ണ-0493 3227230
നിലമ്പൂര്‍-04931 221471
കൊണ്ടോട്ടി-0483 2713311

നിര്‍ദേശങ്ങള്‍

*മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം.
*അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

*ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കണം.

*ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണം.

*ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

*ജലാശയങ്ങള്‍ക്ക് മുകളിലെ പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.

*അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

*ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

*ശക്തമായ കാറ്റ് വീശുന്നതിനാല്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍

*ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസില്‍ നില്‍ക്കുന്നതും ഒഴിവാക്കണം.

*ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോള്‍ ഇവയുടെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്.

*ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം.
*കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക.

*കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ സഹകരിക്കണം. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം ജോലികള്‍ ചെയ്യാതിരിക്കുക.

*പത്രം-പാല്‍ വിതരണക്കാര്‍ പോലെ അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തണം.

*കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തണം. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

· ഒരു കുപ്പി കുടിവെള്ളം, കേടാവാതെ ഉപേയാഗിക്കാന്‍ കഴിയുന്ന ലഘു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ( ഉദാ: കപ്പലണ്ടി, ഉണക്കമുന്തിരി, നിലക്കടല, ഈന്തപ്പഴം, ബിസ്‌ക്കറ്റ്, റസ്‌ക്ക് തുടങ്ങിയവ)
· ഫസ്റ്റ് എയ്ഡ് കിറ്റ്. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ മരുന്ന് നിര്‍ബന്ധമായും കരുതണം. ക്ലോറിന്‍ ഗുളികകളും ഉള്‍പ്പെടുത്തണം.
· ആധാരം, ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കണം
· വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവ
· ഒരുജോഡി വസ്ത്രം
· വീട്ടില്‍ ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍
· മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, പവര്‍ ബാങ്ക്
· കോവിഡ് 19 പാശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി സാനിറ്റൈസറും സോപ്പും മാസ്‌കും
· ആവശ്യഘട്ടത്തില്‍ ഉപേയാഗിക്കാന്‍ കത്തിയോ ബ്ലൈഡോ

ജില്ലയിലെ എട്ട് ക്യാമ്പുകള്‍ തുറന്നു

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലമ്പൂര്‍, ഏറനാട്, പൊന്നാനി താലൂക്കുകളിലായി എട്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ ആറും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുമാണ് നിലവിലുള്ളത്. 104 കുടുംബങ്ങളില്‍ നിന്നായി 408 പേര്‍ ക്യാമ്പുകളിലുണ്ട്. നിലമ്പൂരില്‍ നിര്‍മല എച്ച്എസ്എസ് എരുമമുണ്ട, ജി.എല്‍.പി സ്‌കൂള്‍, പൂളപ്പാടം, എ.എല്‍.പി സ്‌കൂള്‍ ഭൂദാനം, ജി.എല്‍.പി സ്‌കൂള്‍ പുളിയില്‍ കരുളായി, ജി.എച്ച.്എസ് എടക്കര, നെടുങ്കയം ഗവ. ട്രൈബല്‍ എല്‍.പി.എ സ്‌കൂള്‍ എന്നിവിടങ്ങളിലായി നൂറ് കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏറനാടില്‍ സാംസ്‌കാരികനിലയം വെണ്ടേക്കുംപൊയില്‍ നിര്‍മല എച്ച.്എസ.്എസ് എന്നിവിടങ്ങളിലായി രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നിവിടങ്ങളില്‍ 20 മുതല്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് കുടുംബങ്ങളാണ് ഉള്ളത്.

കൊണ്ടോട്ടി താലൂക്കില്‍ 48 ക്യാമ്പുകള്‍ തയ്യാറായി

ചീക്കോട് പഞ്ചായത്തില്‍ ബെയ്‌സ് ക്യാമ്പ് ആരംഭിച്ചു

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്കില്‍ 48 ക്യാമ്പുകള്‍ തയ്യാറായി. കൊണ്ടോട്ടി താലൂക്കിലെ 12 വില്ലേജുകളിലാണ് ക്യാമ്പുകള്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ക്യാമ്പുകളിലേക്കും അവശ്യ സൗകര്യങ്ങളൊരുക്കുന്നതിനും പ്രളയ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിനുമായി ചീക്കോട് പഞ്ചായത്തില്‍ ബെയ്‌സ് ക്യാമ്പ് ആരംഭിച്ചു.

പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ആരംഭിച്ച ബെയ്‌സ് ക്യാമ്പില്‍ 20 അഗ്‌നി സുരക്ഷാ സേനാംഗങ്ങള്‍ എത്തി. റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയ സുരക്ഷാ ഉദ്യേഗസ്ഥരുടെ സേവനവും ലഭിക്കും. പ്രളയ സുരക്ഷാ ക്രമീകരങ്ങള്‍ക്കാവശ്യമായ ബോട്ട്, ലൈഫ് ജാക്കറ്റ് തുടങ്ങിയ എല്ലാ വസ്തുക്കളും ബെയ്‌സ് ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.

കൊണ്ടോട്ടിയില്‍ ചാലിയാറിന്റെ തീരത്തുള്ള വാഴക്കാട്, വാഴയൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. പഞ്ചായത്തുകളുടെ കീഴിലുള്ള സന്നദ്ധ സുരക്ഷാ പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറായിട്ടുണ്ട്. നാല് ഫൈബര്‍ ബോട്ടുകളും ഈ മേഖലകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോട്ടുകള്‍ ഇവിടെ എത്തുമെന്നും എല്ലാ ക്യാമ്പുകളിലേക്കും ആവശ്യമായ ഭക്ഷണവും അവശ്യ വസ്തുക്കളും ഒരുക്കുന്നുണ്ടെന്നും കൊണ്ടോട്ടി തഹസില്‍ദാര്‍ പി.ചന്ദ്രന്‍ അറിയിച്ചു.

Sharing is caring!