ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ആഢ്യന്‍പാറയില്‍  ഉരുള്‍പൊട്ടല്‍. കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ചു

നിലമ്പൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജില്ലയില്‍ ഈ വര്‍ഷത്തെ ആദ്യ ഉരുള്‍പൊട്ട ലാണ് ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ കാഞ്ഞിരപ്പുഴയുടെ ആഢ്യന്‍പാറ ഭാഗത്ത് ഉണ്ടായത് . ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചതെന്നാണ് നിഗമനം . മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയില്‍ ജല വിതാനം ഉയര്‍ന്ന് അകമ്പാടം- എരുമമുണ്ട റോഡിലെ മതില്‍ മൂല ഭാഗത്ത് വെള്ളം ഇരച്ച് കയറിയെങ്കിലും അല്‍പ സമയത്തിനകം തന്നെ വെള്ളം കുറഞ്ഞതിനാല്‍ അപകടം സംഭവിച്ചില്ല. എന്നാല്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. 2018 ലും 20ഹ 9ലും ഈ മേഖലയില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. 2018ല്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മതില്‍ മൂലയിലെ 52 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി മാസങ്ങളോളം തടസ്സപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ഉരുള്‍പൊട്ടല്‍ സാധ്യതയെ തുടര്‍ന്ന് മലയോരം ജാഗ്രതയിലാണ്. ചിലയിടങ്ങളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുമുണ്ട്.

Sharing is caring!