രാമക്ഷേത്ര നിര്‍മാണത്തിലടക്കമുള്ള മൗനം ഭൂരിപക്ഷ വര്‍ഗീയതയ്ക്കുള്ള മുസ്ലിം ലീഗിന്റെ പിന്തുണയെന്ന് വി അബ്ദുറഹ്മാന്‍ എം എല്‍ എ

രാമക്ഷേത്ര നിര്‍മാണത്തിലടക്കമുള്ള മൗനം ഭൂരിപക്ഷ വര്‍ഗീയതയ്ക്കുള്ള മുസ്ലിം ലീഗിന്റെ പിന്തുണയെന്ന് വി അബ്ദുറഹ്മാന്‍ എം എല്‍ എ

താനൂര്‍: ബാബറി മസ്ജിദ് വിഷയത്തിലടക്കം ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പമാണ് മുസ്ലിം ലീഗ് എന്നും നിലനിന്നിട്ടുള്ളതെന്ന് താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്‍. രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗതെത്തിയെങ്കിലും അതിനെതിരെ പ്രതികരിക്കാന്‍ ലീഗ് തയ്യാറായിട്ടില്ല. തുര്‍ക്കിയിലെ ഹാഗിയ സോഫിയ വിഷയത്തില്‍ അവിടത്തെ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം നിന്ന ലീഗ് ഇവിടെ ബി ജെ പിയുടേയും, ആര്‍ എസ് എസിന്റെയും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് മൗനാനുവാദം നല്‍കകയാണെന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റിലൂടെ ആരോപിച്ചു.

ബാബറി മസ്ജിദിന്റെ പതനവും, രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയും പഠിച്ചാല്‍ വ്യക്തമാകും അശക്തമായ പ്രതികരണങ്ങളായിരുന്നു ഈ രണ്ട് അവസരത്തിലും മുസ്ലിം ലീഗ് ഉയര്‍ത്തിയതെന്ന്. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമായ മുസ്ലിം ലീഗ് ഉയര്‍ത്തിയ പ്രതിരോധം പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ രോദനം മാത്രമായിരുന്നു. കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാനോ, ഭൂരിപക്ഷ വര്‍ഗീയതയെ തുറന്ന് ആക്രമിക്കാനോ ലീഗ് തയ്യാറായില്ല. രാമക്ഷേത്ര നിര്‍മാണത്തെ തുണച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേയും, മറ്റ് കോണ്‍ഗ്രസ് നേതാക്കളുടേയും പിന്തുണയ്ക്ക് പോലും മറുപടി നല്‍കാന്‍ ശേഷിയില്ലാതെ ലീഗിന്റെ മതേതര നിലപാട് ശോഷിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1992 ഡിസംബര്‍ ആറില്‍ നിന്ന് ഇന്ത്യ 28 വര്‍ഷം മുന്നോട്ട് പോയിരിക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ സ്റ്റാറ്റസിന് തീരാ കളങ്കമായ ബാബറി മസ്ജിദിന്റെ പതനത്തിനും, അവിടെ രാമക്ഷേത്ര നിര്‍മാണത്തിന് ശിലയുയരുന്നതിനും ഈ കാലഘട്ടത്തില്‍ നാം സാക്ഷിയായി. മതനിരപേക്ഷ പ്രതിഛായ ഉയര്‍ത്തി കാണിക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു ബാബറി മസ്ജിദിന്റെ പതനമെങ്കില്‍ അതേ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് അവിടെ രാമക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നത്. അതിലും അപകടകരമാണ് മതേതര നിലപാട് മുന്നോട്ട് വെക്കുന്ന മതാധിഷ്ഠിത പ്രസ്ഥാനമായ മുസ്ലിം ലീഗിന്റെ നിലപാട്.

ബാബറി മസ്ജിദിന്റെ പതനവും, രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയും പഠിച്ചാല്‍ വ്യക്തമാകും അശക്തമായ പ്രതികരണങ്ങളായിരുന്നു ഈ രണ്ട് അവസരത്തിലും മുസ്ലിം ലീഗ് ഉയര്‍ത്തിയതെന്ന്. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമായ മുസ്ലിം ലീഗ് ഉയര്‍ത്തിയ പ്രതിരോധം പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ രോദനം മാത്രമായിരുന്നു. കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാനോ, ഭൂരിപക്ഷ വര്‍ഗീയതയെ തുറന്ന് ആക്രമിക്കാനോ ലീഗ് തയ്യാറായില്ല. രാമക്ഷേത്ര നിര്‍മാണത്തെ തുണച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേയും, മറ്റ് കോണ്‍ഗ്രസ് നേതാക്കളുടേയും പിന്തുണയ്ക്ക് പോലും മറുപടി നല്‍കാന്‍ ശേഷിയില്ലാതെ ലീഗിന്റെ മതേതര നിലപാട് ശോഷിച്ചിരിക്കുന്നു.

ബാബറി മസ്ജിദ് കേസിലെ നിര്‍ണായ സുപ്രീം കോടതി വിധി ഉണ്ടായപ്പോഴും ലീഗ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് നേരെ കണ്ണടയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്വന്തം നിലനില്‍പ്പ് രാഷ്ട്രീയം മാത്രമായിരുന്നു ഈ രണ്ടവസരത്തിലും ലീഗിനെ മൗനത്തിലാക്കിയത്. മതം പറഞ്ഞും, പേടിപ്പിച്ചും, സമുദായ നേതൃത്വത്തെ ഇറക്കിയും വോട്ട് വാങ്ങിയവര്‍ മുസ്ലിം സമുദായം സ്വതന്ത്ര ഇന്ത്യയില്‍ കടുത്ത വഞ്ചന നേരിട്ടപ്പോഴെല്ലാം മൗനത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. ലീഗിന്റെ ഈ സമുദായ സ്‌നേഹം കടപതയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് പച്ചക്കൊടി കാട്ടുന്ന പ്രസ്ഥാനമായി മുസ്ലിം ലീഗ് അധപതിച്ചിരിക്കുന്നു. തൂര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി എര്‍ദോഗന്‍ പ്രഖ്യാപിച്ചപ്പോള്‍ സാദിഖലി തങ്ങള്‍ അതിനെ പ്രകീര്‍ത്തിച്ച് മുന്നോട്ടെത്തി. അവിടെ ഭൂരിപക്ഷ മുസ്ലിം വര്‍ഗീയതയെ പിന്തുണച്ചു. ഇവിടെ ബി ജെ പിയുടേയും, ആര്‍ എസ് എസിന്റേയും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് എതിര്‍പ്പിന്റെ കണിക പോലും ഉയര്‍ത്താതെ മൗനാനുവാദം നല്‍കുന്നു.

സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് വാങ്ങി അവരെ വഞ്ചിച്ച് അധികാരത്തിന്റെ ലഹരിയില്‍ നീരാടുകയാണ് മുസ്ലിം ലീഗ് നേതൃത്വം. ഈ വഞ്ചന അണികള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ല.

ബാബറി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയായ പ്രിയങ്ക ഗാന്ധി വരെ ഭൂരിപക്ഷ വര്‍ഗീയതയക്കൊപ്പമാണ്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്ന കോണ്‍ഗ്രസിന്റെ നിലപാടിന് രാജ്യത്ത് സ്വീകാര്യതയില്ല. മാത്രമല്ല കോണ്‍ഗ്രസിന്റെ അടിസ്ഥാന-പ്രഖ്യാപിത മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനം കൂടിയാണിത്. ഇത് ബി ജെ പിയിലേക്കുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടക്കം കുത്തൊഴുക്ക് കൂട്ടുകയേയുള്ളൂ.

ഇടതുപക്ഷം മാത്രമാണ് ഈ അവസരത്തില്‍ രാജ്യത്തിന് പ്രതീക്ഷ. അത് അധികാര രാഷ്ട്രീയ തിമിരം ബാധിച്ച മുസ്ലിം ലീഗ് നേതൃത്വത്തിനെ അണികള്‍ മനസിലാക്കി കൊടുക്കണം. വര്‍ഗീയതയെ നേരിടുന്നതില്‍ എന്നും ഇടതുപക്ഷമാണ് ശരിയെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.

1992 ഡിസംബര്‍ ആറില്‍ നിന്ന് ഇന്ത്യ 28 വര്‍ഷം മുന്നോട്ട് പോയിരിക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ സ്റ്റാറ്റസിന് തീരാ…

Posted by V Abdurahman on Tuesday, August 4, 2020

Sharing is caring!