‘തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍’; പുസ്തക പ്രകാശനവും, അനുസ്മരണവും ബുധനാഴ്ച

‘തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍’; പുസ്തക പ്രകാശനവും, അനുസ്മരണവും ബുധനാഴ്ച

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓര്‍മ്മകള്‍, നിലപാടുകള്‍, എന്നിവ കോര്‍ത്തിണക്കി പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ,’തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍’ പുസ്തക പ്രകാശനവും അനുസ്മരണവും ബുധനാഴ്ച ഓണ്‍ലൈനായി നടക്കും.
ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി തയ്യാറാക്കിയ ഗ്രന്ഥം ശിഹാബ് തങ്ങളുടെ പതിനൊന്നാം ചരമ വാര്‍ഷികത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി. എം.പി, ഇ.ടി. മുഹമ്മദ് ബശീര്‍, എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ് ,ബഷീര്‍ അലി ശിഹാബ് തങ്ങള്‍,. മുനവ്വറലി ശിഹാബ് തങ്ങള്‍, എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും. ഡോ. എം.കെ. മുനീര്‍ പുസ്തക പരിചയം നടത്തും.

ശിഹാബ് തങ്ങള്‍ കേരളത്തിന്റെ മാത്രം നേതാവല്ലെന്നും ആഗോള തലത്തില്‍ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു അദ്ദേഹമെന്നും മുഖക്കുറിപ്പില്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ കുറിച്ചു.

ഡോ. ശശി തരൂര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പാലൊളി മുഹമ്മദ് കുട്ടി, ആര്യാടന്‍ മുഹമ്മദ്, എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, റസൂല്‍ പൂക്കുട്ടി, മുല്ലപള്ളി രാമചന്ദ്രന്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, സി.പി. ജോണ്‍, ജയരാജ്, ജോണി ലുക്കോസ്
തുടങ്ങി നിരവധി പ്രമുഖര്‍ പുസ്തകത്തില്‍ തങ്ങളെ ഓര്‍ത്തെടുക്കുന്നുണ്ട്.

മതത്തിന്റെയോ ,ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ, സ്‌നേഹത്തിന്റെ അവരിചിതമായ ഇടങ്ങളെ മനുഷ്യമനസ്സില്‍ അനാവരണം ചെയ്ത് ശിഹാബ് തങ്ങള്‍ ജീവിക്കുന്നു. വാക്കുകളിലൊതുക്കാനാവാത്ത
ആ സ്‌നേഹത്തിന് മുമ്പില്‍
അക്ഷരങ്ങളുടെ സ്മാരകം തീര്‍ക്കുന്നതാണ് ഈ ഗ്രന്ഥം.

നിരവധി ദേശീയ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച
ഗ്രന്ഥകാരന്‍, ലബനാനിലെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദ അറബിക് ലാംഗ്വേജ് അംഗം, ജോര്‍ദാനിലെ അത്തനാല്‍ ഇ ന്റര്‍നാഷണലിന്റെ ഇന്ത്യയിലെ എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അന്നഹ്ദ അറബിക് മാസിക മാനേജിംഗ് എഡിറ്റര്‍ കൂടിയായ ഇദ്ദേഹം പെരിന്തല്‍മണ്ണ എം.എസ്.ടി.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അസി. പ്രൊഫസറാണ്.

Sharing is caring!