‘പ്രപഞ്ചത്തില്‍ ഒരു പോരാളിയുണ്ടെങ്കില്‍ അത് എന്റെ ഉമ്മയാണ്’

മലപ്പുറം: മലപ്പുറം വേങ്ങരയിലെ 17കാരനായ സഹദിന് പറയാനുള്ളത് ഇതാണ്..
‘പ്രപഞ്ചത്തില്‍ ഒരു പോരാളിയുണ്ടെങ്കില്‍ അത് എന്റെ ഉമ്മയാണ്’ എന്നതാണ് ആ വാക്കുകള്‍.
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ്’ കെ.ജി.എഫ് എന്ന കന്നഡ ചിത്രം കേരളത്തില്‍ ട്രെന്‍ഡിങ്ങായപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ നിറഞ്ഞു നിന്ന ഡയലോഗാണിത്. പലപ്പോഴും ജീവിതം ഒരു യുദ്ധക്കളമായി മാറുമ്പോള്‍ ഒരു കുടുംബത്തെ നയിക്കാന്‍ പോരാളികളായി അമ്മമാര്‍ തന്നെയാണ് മുന്നിലുണ്ടാകുക. തളര്‍ന്നുപോകാതെ പിടിച്ചുനില്‍ക്കാനുള്ള പ്രതീക്ഷയുടെ തിരിനാളം അവര്‍ കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നുനല്‍കും. അങ്ങനെ ഒരു പോരാളിയുടെ കഥയാണ് മലപ്പുറം വേങ്ങര അച്ചനമ്പലത്തെ പതിനേഴുകാരനായ സഹദ് ചുക്കാന് പറയാനുള്ളത്. കെ.ജി.എഫിലെ നായകന്‍ പറയുന്നതുപോലെ സഹദും പറയുന്നു..’പ്രപഞ്ചത്തില്‍ ഒരു പോരാളിയുണ്ടെങ്കില്‍ അത് എന്റെ ഉമ്മയാണ്’.

ലോക്ഡൗണ്‍ വന്നതോടെ ഫുട്‌ബോള്‍ താരമായ സഹദിന്റെ പരിശീലനവും താളംതെറ്റി. നിരാശയിലായ സഹദിന് കൈത്താങ്ങായി ഉമ്മ ഹാജറയുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ വാടക വീടിന്റെ ടെറസില്‍ സഹദിന്റെ പരിശീലനത്തിന് ഹാജറ കൂട്ടായി. വീട്ടുജോലികളെല്ലാം ഒതുക്കിക്കഴിഞ്ഞ് പന്ത് തട്ടിക്കൊടുത്തും ഹെഡ് ചെയ്തും ഹാജറ സഹദിനൊപ്പം ഫുട്‌ബോള്‍ കളിച്ചു. ഇതിന്റെ വീഡിയോ സഹദ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘പാര്‍ട്ണര്‍ ഉമ്മച്ചി’ എന്ന ക്യാപ്ഷനോടെയാണ് സഹദ് ഈ വീഡിയോ പങ്കുവെച്ചത്. ഇതോടെ ഉമ്മച്ചിക്ക് അഭിനന്ദനവുമായി നിരവധി പേര്‍ കമന്റ് ചെയ്തു.

ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ ഭ്രാന്തനായിരുന്ന സഹദിനെ ഗ്രൗണ്ടുകളില്‍ കൊണ്ടുപോയി കളി കാണിച്ചിരുന്നത് ഹാജറയായിരുന്നു. സെവന്‍സ് മൈതാനങ്ങളിലും ഫൈവ്‌സ് മൈതാനങ്ങളിലുമെല്ലാം ഈ ഉമ്മയും മകനുമുണ്ടായിരുന്നു. പതുക്കെ അവനും പന്തുതട്ടി തുടങ്ങി. ഇപ്പോള്‍ സ്‌കൂള്‍ ടീമിലെ ഒന്നാന്തരം മിഡ്ഫീല്‍ഡറാണ് സഹദ്. ഒപ്പം കൊച്ചി സ്‌കോര്‍ലൈന്‍ എഫ്.സി താരവുമാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കോര്‍ലൈന്‍ എഫ്.സിയില്‍ സഹദിന് സെലക്ഷന്‍ ലഭിച്ചത്. സഹദ് ഒരിക്കല്‍ നാടറിയുന്ന ഫുട്‌ബോള്‍ താരമായി വളരുമെന്നും അതാണ് തന്റെ സ്വപ്നമെന്നും ഹാജറ പറയുന്നു.

‘മോന്‍ നല്ലൊരു പ്രൊഫഷണല്‍ ടീമില്‍ കളിച്ച് ഫെയ്മസ് ആകണം. അതാണ് എന്റെ ആഗ്രഹം. രാവിലെ അവന്‍ ഫ്രണ്ട്‌സിന്റെ കൂടെ പ്രാക്ടസീന് പോകും. വൈകുന്നേരമാണ് ഞാന്‍ സഹായിക്കാറുള്ളത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ എനിക്ക് ഫുട്‌ബോള്‍ ഇഷ്ടമാണ്. കളിക്കാറില്ലെങ്കിലും മത്സരങ്ങള്‍ കാണാന്‍ പോകാറുണ്ട്. ബ്രസീലും നെയ്മറുമാണ് ഫുട്‌ബോളില്‍ എന്റെ ഇഷ്ടങ്ങള്‍.’ ഹാജറ തന്റെ കളിക്കമ്പത്തെ കുറിച്ച് മനസ്സുതുറക്കുന്നു. ഹാജറയുടെ സഹോദരന്റെ മകനാണ് ഈ വീഡിയോ എടുത്തത്. അത് ഇങ്ങനെ ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ഹാജറ പറയുന്നു.

ആദ്യമായിട്ടല്ല ഹാജറ ഫുട്‌ബോള്‍ കാണുന്നത്. കുട്ടിക്കാലം മുതല്‍ ഇതുവരെ അവരുടെ ജീവിതം ഫുട്‌ബോളിന് ചുറ്റുമായിരുന്നു. ഫുട്‌ബോള്‍ കമ്പക്കാരായ സഹോദരങ്ങളെ കണ്ടാണ് ഹാജറ വളര്‍ന്നത്. വിവാഹം ചെയ്തതാകട്ടെ അതിലും വലിയ ഫുട്‌ബോള്‍ ഭ്രാന്തനായ അച്ചനമ്പലം പെരണ്ടക്കല്‍ ചുക്കാന്‍ അബൂബക്കര്‍ സിദ്ദീഖിനെ. ഐ.എം വിജയന്‍, ഷറഫലി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പന്തുതട്ടിയ പഴയ കളിക്കാരനാണ് സിദ്ദീഖ്. അച്ചനമ്പലത്തെ ജൂബിലിയടക്കമുള്ള പ്രാദേശിക ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചെങ്കിലും ജീവിതം വഴിമുട്ടിയതോടെ കൂലിപ്പണിക്കാരന്റെ വേഷം കെട്ടുകയായിരുന്നു.

സിദ്ദീഖിന്റേയും ഹാജറയുടേയും നാല് മക്കളില്‍ ഏറ്റവും ഇളയവനാണ് സഹദ്. മൂത്തവര്‍ മൂന്നു പേരും പെണ്‍മക്കളാണ്. ഇവരെ വിവാഹം കഴിപ്പിക്കാനായി ആകെയുണ്ടായിരുന്ന ആറു സെന്റും വീടും സിദ്ദീഖിന് വില്‍ക്കേണ്ടിവന്നു. ഇതോടെ താമസം വാടക വീട്ടിലായി. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്റ്റു വിദ്യാര്‍ഥിയായ സഹദിലൂടെ ജീവിതം തിരിച്ചുപിടിക്കാമെന്ന സ്വപ്നത്തിലാണ് ഹാജറയും സിദ്ദീഖും

Sharing is caring!