സമ്പര്‍ക്ക വ്യാപനം കൂടുന്നു; പ്രായമാവരും, കുട്ടികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സമ്പര്‍ക്ക വ്യാപനം കൂടുന്നു; പ്രായമാവരും, കുട്ടികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മലപ്പുറം: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ പ്രായമായവരും ചെറിയകുട്ടികളും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ ആനുപാതികമായി പ്രായമായവരുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലായതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കോവിഡ് ഗുരുതരമാവുന്നത് പ്രായമേറിയവരിലും ഇതരരോഗം ബാധിച്ചവരിലുമാണ്.

പ്രായമേറിയവരില്‍ മിക്കവരിലും പ്രമേഹം, ഉയര്‍ന്ന രക്തസമര്‍ദ്ദം ഉള്‍പ്പെടെയുള്ള ജീവിത ശൈലീരോഗങ്ങളുണ്ടെന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. അതിനാല്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെില്ലിലേക്ക് വിളിക്കാം. ഫോണ്‍: 0483 273 7858, 273 7857, 273 3251, 273 3252, 273 3253,9015 803 804, ദിശ: 1056.

പ്രായം കൂടിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പൂര്‍ണ്ണസമയവും വീടിനുള്ളില്‍ തന്നെ കഴിയുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക.
· പുറത്തിറങ്ങുമ്പോള്‍ ശരിയായവിധം മാസ്‌ക് ധരിക്കുക.
· ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. മറ്റുള്ളവരില്‍ നിന്ന് രണ്ട് മീറ്റര്‍ എങ്കിലും അകലം പാലിക്കുക.
· മറ്റ് സാധനങ്ങളില്‍ സ്പര്‍ശിച്ചശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യുക.
· കൈകള്‍ മുഖത്ത് തൊടാതിരിക്കുക.
· വീട്ടില്‍ എത്തിയ ഉടന്‍ കൈകള്‍ 20 സെക്കന്റ് സമയം എടുത്ത് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
· ഇതര രോഗങ്ങള്‍ക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അതിന് മുടക്കം വരുത്തരുത്. അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോവുക. അല്ലാത്തപക്ഷം ഇ.സജ്ജീവനി പദ്ധതി പ്രകാരം ഓണ്‍ലൈനായി ഡോക്ടറെ കാണാനുള്ള സേവനം ഉപയോഗപ്പെടുത്തണം.
· e.sanjeevaniopd.in/kerala എന്ന വെബ്സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒരു ഒ.ടി.പി ലഭിക്കും. ആ ഒ.ടി.പി ടൈപ്പ് ചെയ്താല്‍ രജിസ്ട്രേഷന്‍ ഫോം കിട്ടും. ഈ ഫോം പൂരിപ്പിച്ചാല്‍ പേഷ്യന്റ് ഐ.ഡി ടോക്കണ്‍ നമ്പര്‍ കിട്ടും. മൊബൈലില്‍ ഡോക്ടറെ കാണേണ്ട സമയവും ലഭിക്കും.
· പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഭക്ഷണ ക്രമം പാലിക്കുക. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.
· ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.

പ്രായമായവര്‍ ഉള്ള വീട്ടിലെ മറ്റ് അംഗങ്ങള്‍ ശ്രദ്ധിക്കേണ്ടവ

· പ്രായമായവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും വേണമെന്ന കാര്യം മനസ്സിലാക്കണം.
· വീട്ടിലേക്ക് സന്ദര്‍ശകരുടെ വരവ് ഒഴിവാക്കണം.
· പ്രായമായവരുള്ള വീട്ടിലെ ഇതര അംഗങ്ങളും പരമാവധി പുറത്തിറങ്ങാതെ ഇരിക്കുക.
· പുറത്ത് പോയി വന്നാല്‍ കൈകള്‍ ശരിയാംവിധം ശുചീകരിക്കണം
· പ്രായമായവരോട് സംസാരിക്കുമ്പോള്‍ 2 മീറ്റര്‍ അകലം പാലിക്കണം. മാസ്‌ക് ധരിക്കുക.
പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഇതര വിഭാഗക്കാര്‍
· ഗര്‍ഭിണികള്‍ ഹൃദ്രോഗം, ക്യാന്‍സര്‍, വൃക്കസംബന്ധമായ രോഗങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടിനുള്ളില്‍ തന്നെ കഴിയണം. ഇവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കണം.
· ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംഭിക്കാനോ മറ്റുള്ളവരെ അനുവദിക്കരുത്.
· ആളുകള്‍ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ടുപോവരുത്.
· മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പുറത്ത് പോവാതിരിക്കുക.
· കുട്ടികളുമായുള്ള കുടുംബ സന്ദര്‍ശനം, വിരുന്ന്് തുടങ്ങിയവ ഒഴിവാക്കണം
· കുട്ടികളുമായി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കുട്ടികള്‍ക്ക് എന്തെങ്കിലും അസുഖം ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോവുക.
· നൂല്‍കെട്ട്, പേരിടല്‍ തുടങ്ങിയ ചടങ്ങുകള്‍ പരമാവധി ഒഴിവാക്കണം
· പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷണം നല്‍കുക.
· കുഞ്ഞുകൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക.

Sharing is caring!