വേണ്ടത്ര അം​ഗീകാരം ലഭിക്കാതെ ജിതേഷ് യാത്രയായി, വിടവാങ്ങിയത് മലപ്പുറത്തിന്റെ അനു​ഗ്രഹീത കലാകാരൻ

വേണ്ടത്ര അം​ഗീകാരം ലഭിക്കാതെ ജിതേഷ് യാത്രയായി, വിടവാങ്ങിയത് മലപ്പുറത്തിന്റെ അനു​ഗ്രഹീത കലാകാരൻ

പൊന്നാനി: മലപ്പുറം ജില്ല ജന്മം നൽകിയ നാടൻ പാട്ടിലെ അതുല്യ പ്രതിഭ ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രശസ്തമായ നാടൻ പാട്ടുകളായ കൈതോല പായ വിരിച്ച്, പാലോം പാലോം നല്ല നടപ്പാലം തുടങ്ങിയ ​ഗാനങ്ങൾ അദ്ദേഹത്തിന്റേതായിരുന്നു. കൈതോല പായ വിരിച്ച് അടക്കമായ പല പ്രശസ്ത ​ഗാനങ്ങളുടെയും പിന്നിൽ ഇദ്ദേഹമായിരുന്നുവെന്ന് ഭൂരിഭാ​ഗം ആളുകൾക്ക് അറിയില്ലായിരുന്നു. ഒരു സ്വകാര്യ ചാനലിൽ ഇദ്ദേ​ഹം ഈ ​ഗാനം ആലപിച്ചതോടെയാണ് പലർക്കും ജിതേഷ് ആണ് ​ഗാനശിൽപി എന്ന് മനസിലായത്.

1992ൽ സഹോദരന്റെ മകളുടെ കാതു കുത്തിന് സംബന്ധിച്ചതിൽ നിന്നാണ് കൈതോല പായ വിരിച്ച് എന്ന പാട്ടിന് ജന്മം നൽകിയത്. കലോൽസവത്തിൽ പല കുട്ടികൾക്കും ഇദ്ദേഹം ഈ ​ഗാനം പഠിപ്പിച്ചു കൊടുത്തു. ഒട്ടേറെ വേദികളിൽ പാട്ടിന് അം​ഗീകാരം ലഭിച്ചെങ്കിലും പാട്ടിന് പിന്നിലെ സൃഷ്ടിയെ ആരും അന്വേഷിച്ചിരുന്നില്ല. പല അഭിമുഖങ്ങളിലും തന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട പാട്ടിനെക്കുറിച്ച് അദ്ദേഹം വികാരാധീനനായിരുന്നു.

കുറ്റിപ്പുറം പാലത്തിന്റെ കഥയിൽ ഒരു മനുഷ്യനെ കരുനിർത്തിയിട്ടുണ്ടെന്ന പഴമക്കാരുടെ പറച്ചിലിൽ നിന്നാണ് പാലോം, പാലോം എന്ന പാട്ടിന് ജന്മം നൽകിയത്. ഈ അപൂർവ്വ പ്രതിഭയ്ക്ക് അർഹമായ അം​ഗീകാരം മലപ്പുറം ജില്ല പോലും നൽകിയിട്ടില്ലെന്നതാണ് വാസ്തവം.

ഇദ്ദേഹത്തിന്റെ മൃതദേഹം കോവിഡ് പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Sharing is caring!