കാലവര്‍ഷമുന്നൊരുക്കം; സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കാലവര്‍ഷമുന്നൊരുക്കം; സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പൊന്നാനി: മണ്ഡലത്തില്‍ കാലവര്‍ഷ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താനും വിലയിരുത്താനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേര്‍ന്നു. കഴിഞ്ഞ കാല പ്രളയ അനുഭവങ്ങളെ മുന്‍നിര്‍ത്തി ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരികയാണെങ്കില്‍ ഓരോ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലും സജ്ജമാക്കുന്ന പൊതുവായ ഷെല്‍ട്ടറിന്റെയും റിവേഴ്സ് ക്വാറന്റൈന്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കുള്ള പ്രത്യേക സംവിധാനത്തിന്റെയും സ്ത്രീകള്‍ക്കും ഹോം ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് പ്രത്യേകമായും കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കുള്ള ഫസ്റ്റ് ലൈന്‍ട്രീറ്റ്മെന്റ് സെന്ററുകളുടെയും ലക്ഷണമുള്ളവര്‍ക്ക് ഒരുക്കുന്ന പ്രത്യേക സെന്ററുകളുടെയും പൂര്‍ത്തികരണം അവസാനഘട്ടത്തിലാണ്. അടിയന്തരമായി ഇവ പൂര്‍ത്തികരിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള കാനകളും കനാലുകളും ഈ മാസം അഞ്ചിനകം ശുചീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ദേശീയപാതയിലെ കാനകള്‍ ശുചീകരിക്കുന്നതിനും ഗുലാബ് നഗര്‍ കനാല്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് മുന്നിലെ കാന, സി.വി ജംങ്ഷന്‍ കോണ്‍വെന്റ് ജംങ്ഷന്‍ കനാല്‍ എന്നിവയില്‍ അടിയന്തരമായി പ്രവൃത്തി നടത്താനും യോഗത്തില്‍ നിര്‍ദേശം നല്‍കി. ബിയ്യം ഷട്ടര്‍ തുറന്ന് ജലക്രമീകരണം നടത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

താലൂക്കിലെ പഞ്ചായത്തുകളില്‍ കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു. ഓരോ പഞ്ചായത്തിലെയും നിലവിലെ അവസ്ഥകള്‍ അതത് തദ്ദേശ അധ്യക്ഷന്മാര്‍ വിശദീകരിച്ചു. ആവശ്യമായ ബാക്കി സജ്ജീകരണങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത ജയരാജ്, അഷറഫ് ആലുങ്ങള്‍, റിയാസ് പഴഞ്ഞി, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുഗേഷ്, എന്‍.എച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍, എ.ഇമാരായ ബബിത, മുനീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: കാലവര്‍ഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അധ്യക്ഷതയില്‍ പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം.

Sharing is caring!