ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ ബലിപെരുന്നാള്‍ ആഘോഷിച്ചു

ആര്‍ഭാടങ്ങളും  ആഘോഷങ്ങളുമില്ലാതെ ബലിപെരുന്നാള്‍  ആഘോഷിച്ചു

മലപ്പുറം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇത്തവത്തെ ബലിപെരുന്നാള്‍ ആഘോഷിച്ചത് ആര്‍ഭാടങ്ങളില്ലാതെ. ജില്ലയിലെ വിവിധ പള്ളികളില്‍നിന്ന് പുലര്‍ച്ചെ മുതല്‍ തന്നെ തക്ബീര്‍ മുഴക്കങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇത്തവണ ചില പള്ളികളില്‍ മാത്രമാണ് അത്തരം അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ മുഴക്കങ്ങള്‍ കേട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചില പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു. ഈദ്ഗാഹുകള്‍ക്ക് ഇത്തവണ അനുമതിയുണ്ടായിരുന്നു. ഭൂരിഭാഗംപേരും പ്രാര്‍ത്ഥനകള്‍ എല്ലാം വീടുകളില്‍ കുടുംബവുമൊത്ത് നടത്തി. മലപ്പുറം പാണക്കാട് പള്ളിയില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേ സമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ ബലിപെരുന്നാള്‍ ആര്‍ഭാടങ്ങളില്ലാത്ത ആഘോഷങ്ങളാക്കണമെന്നും ആള്‍ക്കൂട്ടങ്ങളോ സമ്പര്‍ക്കമോ ഉണ്ടാവാത്ത വിധം പരിമിതപ്പെടുത്തണമെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി ഗ്രാന്റ് മസ്ജിദില്‍ നടത്തിയ ഈദ് സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. അയല്‍വാസിയുടെ പട്ടിണിയകറ്റാനും അന്യന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാനുമാണ് ബലിപെരുന്നാള്‍ സുദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഉറ്റവര്‍ക്കും ഉടയവര്‍ക്കും ആശ്വാസം പകരാന്‍ നമുക്കാവണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രതിസന്ധിയില്‍ നിന്നുള്ള മോചനത്തിനും കൊവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കും കൊവിഡിനെതിരെ ലോകത്തിന്റെ അതിജീവനത്തിനായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള മുഴുവന്‍ ആളുകള്‍ക്കും വേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനക്ക് അദ്ദേഹം നേതൃത്വം നല്‍കി.
പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരം സംഘടിപ്പിച്ചത്. ഗ്രാന്റ് മസ്ജിദില്‍ നൂറില്‍ താഴെ പേര്‍ മാത്രമാണ് ആരാധനാ കര്‍മങ്ങളില്‍ ഭാഗവാക്കായത്. വീട്ടില്‍ നിന്ന് അംഗ സ്‌നാനം നടത്തി മുസ്വല്ലയുമായി വന്ന വിശ്വാസികളെ തെര്‍മോ മീറ്റര്‍ ചെക്കിംഗ്, സാനിറ്റൈസിംഗ്, ഹാന്‍ഡ് വാഷ് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഗ്രാന്റ് മസ്ജിദിലേക്ക് പ്രവേശിപ്പിച്ചത്.

Sharing is caring!