82കാരനായ കോവിഡ് രോഗിയുടെ നില അതീവ ഗുരുതരമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

82കാരനായ കോവിഡ് രോഗിയുടെ നില അതീവ ഗുരുതരമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

മഞ്ചേരി: കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈറസ് ബാധിതനായി ചികിത്സയിലുള്ള പെരുവള്ളൂർ സ്വദേശി (82) യുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അൽഷിമേഴ്സ് രോഗത്തിനും തുടർച്ചയായി മരുന്ന് കഴിക്കുന്ന ഇയാൾ ശക്തമായ ശ്വാസംമുട്ട് മൂലം ജൂലൈ 29നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ഐസിയുവിൽ അഡ്മിറ്റായത്. അന്ന് തന്നെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് 19 ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കൽ കെയർ ടീം നടത്തിയ പരിശോധനയിൽ രോഗിക്ക് കോവിഡ് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം, സെപ്റ്റിസീമിയ, അക്യൂട്ട് റീനൽ ഫെയ്‌ലിയർ എന്നിവ കണ്ടെത്തി പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചു. രോഗിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം പ്ലാസ്മ തെറാപ്പിയും നൽകി. രാത്രി 11 മണിക്ക് ആരോഗ്യനില വീണ്ടും വഷളായതിനാൽ ഇൻടുബേറ്റ് ചെയ്യുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. രോഗിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നും ഇപ്പോൾ വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും പേരമക്കളുമടക്കം പത്ത് പേർ കോവിഡ് പോസിറ്റീവായി മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്.

Sharing is caring!