പ്രളയം: ജില്ലയില്‍ മുന്നൊരുക്കങ്ങളായി; 549 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കും

പ്രളയം: ജില്ലയില്‍ മുന്നൊരുക്കങ്ങളായി; 549 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കും

മലപ്പുറം: ജില്ലയിലെ പ്രളയകാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എ.ഡി.എം എന്‍.എം മെഹറലിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അത്യാഹിത ദ്രുതകര്‍മ്മ സേനയുടെ മുന്നൊരുക്കങ്ങളും പ്രളയ സമയത്ത് അടിയന്തരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഏകദേശം 85,000 പ്രളയ ബാധിതര്‍ക്ക് താമസിക്കാന്‍ കഴിയുന്ന 549 ക്യാമ്പുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തി സജ്ജീകരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നാല് തരത്തിലുള്ള ക്യാമ്പുകളാണ് തയ്യാറാവുന്നത്. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ക്യാമ്പുകളില്‍ നേരത്തെ എത്തിക്കും.

പ്രളയത്തില്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി അവശ്യരക്ഷാ ഉപകരണങ്ങളോടു കൂടിയ പൊലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ നിയോഗിക്കും. ആവശ്യമായ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും ശേഖരിച്ചു വെക്കും. രക്ഷാപ്രവര്‍ത്തനത്തിനായി മുന്‍കൂട്ടി ബോട്ടുകള്‍ എത്തിക്കും. അതിനായി ഫിഷറീസ് വകുപ്പില്‍ നിന്ന് ബോട്ടുകളുടെ ലിസ്റ്റ് ലഭ്യമാക്കി താലൂക്തല ഐ.ആര്‍.എസ് ടീമിന്റെ പക്കല്‍ ഏല്‍പ്പിക്കും.

പ്രളയത്തെ ഫലപ്രദമായി നേരിടാന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെല്‍, കമ്മ്യൂനിക്കേഷന്‍ സെല്‍, ലോജിസ്റ്റിക് സെല്‍, ട്രാന്‍സ്‌പോര്‍ട് സെല്‍, വോളന്റിയേഴ്സ് മാനേജ്മന്റ് സെല്‍ എന്നിവ യോഗത്തില്‍ രൂപീകരിച്ചു. ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ മറ്റ് വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ കൂടെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും.

വെള്ളം കയറി ഗതാഗത തടസം നേരിടുന്ന റോഡുകള്‍ക്ക് പകരമായി രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പി.ഡബ്ള്യൂ.ഡി കണ്ടെത്തിയ സമാന്തര പാതകളുടെ വിവരങ്ങള്‍ താലൂക്ക്തല അത്യാഹിത ദ്രുതകര്‍മ്മ സേനയുടെ ഇന്‍ചാര്‍ജുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അവര്‍ റോഡുകള്‍ ഗതാഗത യോഗ്യമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തും.

താഴ്ന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ധന ലഭ്യത ഉറപ്പ് വരുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയ സമയത്ത് ജില്ലയിലേക്കുള്ള ഇന്ധന വിതരണം ഉറപ്പാക്കാന്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തും. ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ചു വയ്ക്കാന്‍ സപ്ലൈകോയ്ക്കും മെഡിക്കല്‍ ഷോപ്പുകളില്‍ ആവശ്യമായ മരുന്നുകള്‍ സംഭരിച്ചു വെയ്ക്കാന്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്കും നിര്‍ദേശം നല്‍കി. വൈദ്യുതി, വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ തകരാറിലാവാതെ പ്രവര്‍ത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

യോഗത്തില്‍ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍ പുരുഷോത്തമന്‍, ഒ. ഹംസ, കെ. ലത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!