മലപ്പുറം ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

മലപ്പുറം ജില്ലയില്‍  അതിശക്തമായ  മഴയ്ക്ക് സാധ്യത

മലപ്പുറം: ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെയുളള അതിശക്തമായ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം, റവന്യൂ, പൊലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, ഫിഷറീസ് വകുപ്പ് തുടങ്ങിയവര്‍ക്ക് പ്രത്യേകം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

· അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങളനുസരിച്ച്് ആവശ്യമെങ്കില്‍ മാറിതാമസിക്കണം.
· ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
· ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കണം.
· ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.
· ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.
· ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
· മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണം.
· ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
· കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.

Sharing is caring!