സാഹചര്യങ്ങൾ വിലയിരുത്തി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും – ജില്ലാകലക്ടർ

സാഹചര്യങ്ങൾ വിലയിരുത്തി ജില്ലയിൽ കൂടുതൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തും – ജില്ലാകലക്ടർ

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടി ഉൾപ്പടെയുള്ള കോവിഡ് വ്യാപിച്ച പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണോയെന്ന് തുടർ ദിവസങ്ങളിലെ പരിശോധനാ ഫലങ്ങളും രോഗവ്യാപന തോതും വിലയിരുത്തിയ ശേഷം മാത്രമേ നടപ്പാക്കുവെന്ന് ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം ഉണ്ടാവുകയും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്താൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. സാമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങൾ ജില്ലയിൽ ഇതുവരെ പ്രകടമായിട്ടില്ലെന്നും കലക്ടർ വിശദീകരിച്ചു.
പൊന്നാനി, കൊണ്ടോട്ടി, നിലമ്പൂർ നഗരസഭകളും, പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 3, 12, 13, 18, 19 വാർഡുകൾ, മമ്പാട് ഗ്രാമപഞ്ചായത്തിലെ 2, 3, 11, 12, 13 വാർഡുകൾ, പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ 3, 7, 8, 9, 10, 11, 12, 13, 15 വാർഡുകൾ തുടങ്ങിയ പ്രദേശങ്ങളാണ് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നത്.

പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കൊണ്ടോട്ടി നഗരസഭയിൽ 500 ലധികം ആന്റിജെൻ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കൊണ്ടോട്ടിയിൽ കൂടുതൽ പരിശോധനകൾ നടത്തും. നിലമ്പൂർ നഗരസഭയിൽ 800 ലധികം ആന്റിജെൻ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ സജീകരണങ്ങളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. 248 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്ജമായിട്ടുള്ളത്. ഇവിടെ 6480 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രളയത്തെ നേരിടുന്നതിനുള്ള ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായിട്ടുണ്ട്. 8,000 ത്തോളം ആളുകളെ പാർപ്പിക്കാനുള്ള ക്യാമ്പുകൾ ഒരുക്കുകയാണ് ലക്ഷ്യം.

Sharing is caring!