മലപ്പുറത്ത് വീണ്ടുമൊരു കോവിഡ് മരണംകൂടി

മലപ്പുറത്ത് വീണ്ടുമൊരു  കോവിഡ് മരണംകൂടി

മലപ്പുറം: വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു. ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി സീതീന്റെ പുരയക്കല്‍ കോയമോന്‍ (54) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ ഇവിടെ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയ ഇദ്ദേഹം തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം നാളെ ആലുങ്ങല്‍ ഷെയ്ഖ് പള്ളിയില്‍ മറവ് ചെയ്യും.
ഭാര്യ: ബീവിജ. മക്കള്‍: റൂഫസീന, ഷാനില, നാഫിഹ്, സൗഫിയ, ഷഫനാസ്.മരുമക്കള്‍: ശിഹാബ് ചാലിയം, റസാഖ് താനൂര്‍. അതേ സമയം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂലൈ 24ന് മരിച്ച തുവൂര്‍ സ്വദേശി ഹുസൈന് (65) കോവിഡ് സ്ഥിരീകരിച്ചിരുന്നു. പതിനേഴ് വര്‍ഷമായി ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും മരുന്ന് കഴിക്കുന്ന വ്യക്തിയായിരുന്നു.ബംഗളുരുവില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഹുസൈന്‍ ജൂലൈ 20നാണ് മുത്തങ്ങ ചെക്പോസ്റ്റ് വഴി നാട്ടിലെത്തിയത്. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ജൂലൈ 24ന് ഉച്ചയ്ക്ക് രണ്ടിന് കടുത്ത നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും രക്തം ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ രോഗിക്ക് ഹൃദയാഘാതവും ഹൃദയ സ്തംഭനവുമുണ്ടെന്ന് കണ്ടെത്തുകയും എ.സി.എല്‍.എസ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ അതേ ദിവസം രോഗി ചികിത്സയോട് പ്രതികരിക്കാതെ വൈകീട്ട് 3.35ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ (ട്രൂനാറ്റ് ) കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
ഇതോടെ മലപ്പുറം ജില്ലയില്‍ രോഗബാധിതരായി മരിച്ചവരുടെ എണ്ണം പത്തായി. നേരത്തെ രോഗം ഭേദമായതിനുശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പൂന്താനം സ്വദേശിയും മരിച്ചിരുന്നു. ജൂലൈ 20 ന് ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി ഹൃദ്രോഗിയായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജൂലൈ 24 ന് പ്രവേശിപ്പിച്ചുവെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് സ്രവ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.86 പേര്‍ക്ക് കൂടി ഇന്ന് മലപ്പുറത്ത് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 88 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,239 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

Sharing is caring!