മലപ്പുറത്ത് റെക്കോഡ് രോഗമുക്തി; ജില്ലയില്‍ ഇത്രയും കൂടുതല്‍ പേര്‍ കോവിഡ് മുക്തി നേടുന്നത് ഇതാദ്യം

മലപ്പുറത്ത് റെക്കോഡ് രോഗമുക്തി; ജില്ലയില്‍ ഇത്രയും കൂടുതല്‍ പേര്‍ കോവിഡ് മുക്തി നേടുന്നത് ഇതാദ്യം

മലപ്പുറം: കേരളത്തില്‍ രോഗമുക്തരായവരുടെ എണ്ണം തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്. 185 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. ഇന്ന് രോഗികള്‍ ആയവരെക്കാള്‍ രണ്ടര ഇരട്ടിയോളം ആളുകളാണ് രോഗമുക്തരായത്. ജില്ലയില്‍ ആദ്യമായാണ് ഒറ്റ ദിവസത്തില്‍ ഇത്രയും കൂടുതല്‍ ആളുകള്‍ രോഗമുക്തരാവുന്നത്. ഇത് ആശ്വാസകരമാണെങ്കിലും രോഗികളുടെ എണ്ണവും സമ്പര്‍ക്ക വ്യാപനവും കുറഞ്ഞിട്ടില്ല എന്നത് ആശങ്ക നിലനിര്‍ത്തുന്നു. തിരുവനന്തപുരത്ത് ഇന്ന് 229 പേരാണ് രോഗമുക്തരായത. സംസ്ഥാനത്താകെ 1049 ആളുകള്‍ കോവിഡ് മുക്തി നേടിയിട്ടുണ്ട്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ മലപ്പുറത്ത് 1,030 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ ഒരേ ദിവസം രോഗമുക്തരാകുന്നത്. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്നും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സര്‍ക്കാര്‍ വകുപ്പുളും ചേര്‍ന്നു നടത്തുന്ന പോരാട്ടത്തിന്റെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ജില്ലയില്‍ ചികിത്സയിലുള്ളത് 592 പേര്‍

ജില്ലയില്‍ രോഗബാധിതരായി 592 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,630 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,330 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 37,323 പേര്‍

37,323 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 700 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 283 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 26 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 64 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 188 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 133 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,230 പേര്‍ വീടുകളിലും 1,393 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

14,308 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 18,213 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,649 പേരുടെ ഫലം ലഭിച്ചു. 14,308 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,564 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!