ഹാഗിയ സോഫിയ പള്ളിയാക്കിയതിനെ പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: തുര്‍ക്കിയിലെ യുനെസ്‌കോ പൈതൃക പട്ടികയിലുണ്ടായിരുന്ന ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെഴുതിയ അയാസോഫിയയിലെ ജുമുഅ എന്ന ലേഖനത്തിലാണ് സാദിഖലി തങ്ങള്‍ കിഴക്കന്‍ മതേതരത്വത്തിന്റെ ഉദാഹരണമായി ഹാഗിയ സോഫിയാ മ്യൂസിയം പള്ളിയാക്കിയതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ പള്ളിയായിരുന്ന ഹാഗിയ സോഫിയ 1453 ല്‍ ഓട്ടോമന്‍ ഭരണകാലത്താണ് മുസ്ലിം പളളിയാക്കി മാറ്റിയത്. പിന്നീട് 1934ല്‍ മ്യൂസിയമാക്കി. തൂര്‍ക്കിയിലെ നിലവിലെ പ്രസിഡന്റ് ത്വയിബ് എര്‍ദോഗന്റെ പ്രഖ്യാപനത്തോടെയാണ് മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയായത്. കഴിഞ്ഞ ദിവസം പ്രാര്‍ഥനയും നടന്നു.

ഹാഗിയ സോഫിയയില്‍ 86 വര്‍ഷത്തിന് ശേഷമായിരുന്നു മുസ്ലിങ്ങള്‍ നമസ്‌കാരം നടത്തിയത്. മുസ്ലിം പള്ളിയാക്കി മാറ്റിയതിന് ശേഷമായിരുന്നു ജുമുഅ നമസ്‌കാരം. വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്‌കാരത്തില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇതില്‍ പങ്കെടുത്തു. ഫാതിഷ് സുല്‍ത്താന്‍ മുഹമ്മദിന്റെ പേരിലുള്ള വഖ്ഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തതെന്ന കാരണത്താലാണ് 1934ല്‍ ഹാഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയത്.

ചരിത്രപരമായി സാധ്യതയില്ലാത്തിനാലാണ് ഹാഗിയ സോഫിയയില്‍ ക്രിസ്ത്യന്‍ രാഷ്ട്രീയ മത നേതാക്കള്‍ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതെന്നും ലേഖനത്തില്‍ പറയുന്നു. അമേരിക്ക വിയോജിച്ചപ്പോഴും 25 ശതമാനം ഓര്‍ത്തഡോക്സ് വിശ്വാസികളുള്ള റഷ്യ തീരുമാനത്തിനെതിരെ രംഗത്തെത്താത്തത് അതുകൊണ്ടാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിംങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ പോലും അനുവാദമില്ല. അവരുടെ മതേതര വാദം ഏകപക്ഷീയവും പൊള്ളയുമാണെന്നത് ഇതിലൂടെ തിരിച്ചറിയാം. ഓട്ടോമന്‍, മുസ്ലിം സ്പെയിന്‍ കാലത്ത് നിര്‍മ്മിക്കപ്പെട്ട 350 പള്ളികള്‍ ചര്‍ച്ചുകളും പള്ളികളായും ഉപയോഗിക്കുന്നവരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ച ഗ്രീസില്‍ മാത്രം 100 ളം പള്ളികള്‍ ചര്‍ച്ചുകളയും ജയിലുകളായും മാറ്റിയെന്നതും തലസ്ഥാനമായ ഏതന്‍സില്‍, മുസ്ലിം വിശ്വാസികള്‍ വര്‍ഷങ്ങളായി മുറവിളികൂട്ടിയതിന്റെ ഫലമെന്നോണം മിനാരങ്ങളില്ലാത്ത ആദ്യത്തെ പള്ളിക്ക് അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മാത്രം എന്നതും ഇരട്ടത്താപ്പ് നയമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

ജസ്റ്റിനിയല്‍ രണ്ടാമന്‍ 537ല്‍ പണി കഴിപ്പിച്ച ഹാഗിയ സോഫിയ 900 വര്‍ഷം ക്രിസ്തീയ ദേവാലയവും 500 കൊല്ലം മസ്ജിദായും നിലനിന്നു. റോമന്‍, ബൈസാന്റിയന്‍, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഇത്.

Sharing is caring!