പച്ചക്കൊടി കാട്ടാതെ റെയിൽവെ: നിലമ്പൂരിന് വീണ്ടും കാത്തിരിപ്പ്

പച്ചക്കൊടി കാട്ടാതെ റെയിൽവെ: നിലമ്പൂരിന് വീണ്ടും കാത്തിരിപ്പ്

നിലമ്പൂർ: നിലമ്പൂരിലെ യാത്രാ സ്വപ്നങ്ങൾക്ക് ഇത്തവണയും ചുവപ്പ്കൊടി കാട്ടി ​ദക്ഷിണ റെയിൽവെ. നിലമ്പൂർ ഷൊർണ്ണൂർ പാതയിലെ വിലങ്ങുതടികളെല്ലാം മാറ്റി പാളം തുറന്ന് പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നിലമ്പൂരിനെ നിരാശയിലാഴ്ത്തിയിരിക്കുകയാണ് ദക്ഷിണ റെയിൽവെയുടെ ഈ അവ​ഗണന. ഇത്തവണയും പുതിയ ട്രെയിൻ അനുവദിക്കുന്നതിനുള്ള ദക്ഷിണ റെയിൽവെയുടെ ശുപാർശയിൽ നിലമ്പൂരിന്റെ പേരില്ല.

രാത്രിയാത്ര അനുമതിയില്ലെന്ന പേരിലാണ് ഇതുവരെ നിലമ്പൂരിനെ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ പരി​ഗണിക്കാതിരുന്നത്. എന്നാൽ രാത്രിയാത്ര അനുമതി ലഭിച്ച് വിലക്കുകളെല്ലാം മാറ്റിയിട്ടും കാത്തിരിപ്പിന് അവസാനമായില്ല. കഴിഞ്ഞ 8 വർഷമായി ഈ പാതയിൽ പുതിയ ട്രെയിൻ അനുവദിച്ചിട്ടില്ല.

പുതിയ ട്രെയിനുകൾ ആവശ്യപ്പെട്ട് ജനപ്രതിനിധികളും ആക്ഷൻ കൗൺസിലുകളും നിവേദനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ദക്ഷിണറെയിൽവെയുടെ തീരുമാനം.

പുതിയ ട്രെയിനുകൾ അനുവദിക്കാതെ നിലമ്പൂരിനെ അവ​ഗണിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധം ഉന്നയിക്കും. ദക്ഷിണ റെയിൽവെ മാനേജർക്കു മുന്നിൽ കൂടുതൽ ട്രെയിൻ അനുവദിക്കുന്നതിനുള്ള ആവശ്യം വീണ്ടും അറിയിക്കുമെന്നും പി വി അബ്ദുൾ വഹാബ് എം പി പറഞ്ഞു.

തിരുച്ചിറപള്ളി- പാലക്കാട് ഫാസ്റ്റ് പാസഞ്ചർ നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം മൈസൂർ- നിലമ്പൂർ റെയിൽവെ ആക്ഷൻ കൗൺസിൽ ദക്ഷിണ റെയിൽവെ മാനേജർക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. തിരുച്ചിറപള്ളിയിൽ നിന്നും ദിവസവും ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ഈ ട്രെയിൻ പാലക്കാട് യാത്ര അ‌വസാനിപ്പിക്കുന്നത് മാറ്റി രാത്രി 10:40 ന് നിലമ്പൂരിലെത്തി രാവിലെ 4 മണിക്ക് തിരുച്ചിറപള്ളിയിലേക്ക് പുറപ്പെടുന്ന രീതിയിൽ സർവീസ് മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് അവ​ഗണിച്ച് കൊണ്ട് ഇതേ ട്രെയിൻ തമിഴ് നാട്ടിലെ കാരയ്ക്കലിലേക്ക് നീട്ടുന്ന കാര്യമാണ് ദക്ഷിണ റെയിൽവെ പരി​ഗണിച്ചിരിക്കുന്നത്.

രാത്രി 9 ന് ഷൊർണ്ണൂറിൽ യാത്ര അവസാനിപ്പിക്കുന്ന ഏറണാകുളം ഷൊർണ്ണൂർ പാസഞ്ചർ നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യത്തിനു മുന്നിലും ദക്ഷിണ റെയിൽവെയെ കണ്ണടച്ചു. എന്നാൽ ഇതേ ശുപാർശയിൽ കേരളത്തിൽ‌ നാല് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതും കേരളത്തിലൂടെയുള്ള നാല് ട്രെയിനുകളുടെ യാത്ര നീട്ടുന്ന കാര്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Sharing is caring!