ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാന്‍ സംസാരിക്കുന്നു..

മലപ്പുറം: മാറ്റിവച്ച ടോക്യോ ഒളിമ്പിക്സ് ഇന്ന് ആരംഭിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. മലപ്പുറത്തുകാരനായ ഒളിമ്പ്യന്‍ കെ ടി ഇര്‍ഫാന്‍ സംസാരിക്കുന്നു..
ഈ വര്‍ഷം ഒളിമ്പിക്സ് നടന്നിരുന്നെങ്കില്‍ ഏറേ പ്രതീക്ഷയുണ്ടായിരുന്നു. എന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് ചെയ്യാന്‍ കഴിയുമെന്നാണ് വിചാരിച്ചിരുന്നത്. നല്ല ആരോഗ്യക്ഷമതയുണ്ടായിരുന്നു. ഒളിമ്പിക്സില്‍ മെഡല്‍ നേടുക തന്നെയാണ് ആഗ്രഹം’- മാറ്റിവച്ച ടോക്യോ ഒളിമ്പിക്സ് ഇന്ന് ആരംഭിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയായിരുന്നു ഒളിമ്പ്യന്‍ കെ ടി ഇര്‍ഫാന്‍.
ടോക്യോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ വ്യക്തിഗത ഇനത്തില്‍ യോഗ്യത നേടിയ ഏക മലയാളിയാണ്. 20 കിലോമീറ്റര്‍ നടത്തത്തിലാണ് ഈ നേട്ടം. ‘നേരത്തെ നിശ്ചയിച്ചത് അനുസരിച്ചാണെങ്കില്‍ ഇന്ന് ഒളിമ്പിക്സ് ആരംഭിക്കുമായിരുന്നു. ഒരുമാസം മുമ്പെങ്കിലും അവിടെ എത്തണമെന്നാണ് ആലോചിച്ചിരുന്നത്. പരിശീലകനായ റഷ്യക്കാരന്‍ അലക്‌സാണ്ടര്‍ ആര്‍ത്സിബഷും അങ്ങനെയാണ് പറഞ്ഞിരുന്നത്. ജപ്പാനില്‍ ഈ സമയത്ത് ചൂടാണ്. നേരത്തെയെത്തി കാലാവസ്ഥയുമായി ഇണങ്ങണം, അതായിരുന്നു പ്ലാന്‍. പക്ഷേ എല്ലാം കോവിഡ് കൊണ്ടുപോയി.
അടുത്തവര്‍ഷം ഒളിമ്പിക്സ് നടക്കുമെന്നുതന്നെയാണ് പ്രതീക്ഷ. ഫിറ്റ്നസ് നിലനിര്‍ത്താനുള്ള വ്യായാമങ്ങളാണ് നടത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് പരിശീലനം പൂര്‍ണമായും മുടങ്ങി. റൂമില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. സായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും ഇപ്പോള്‍ സമയം കണ്ടെത്തുന്നുണ്ട്’-ബംഗളൂരു സായി ക്യാമ്പിലുള്ള ഇര്‍ഫാന്‍ പറഞ്ഞു.
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോഡിട്ട് പത്താംസ്ഥാനത്ത് എത്തിയതാണ് മികച്ച പ്രകടനം. മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയില്‍ സ്വദേശിയായ ഇര്‍ഫാന്‍ ഇന്ത്യന്‍ ആര്‍മിയുടെ ഊട്ടി മദ്രാസ് റെജിമെന്റ് സെന്ററില്‍ ഹവില്‍ദാറാണ്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *