ഒരു ട്രോമാകെയര്‍ വളണ്ടിയര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കോവിഡ് . തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു

ഒരു ട്രോമാകെയര്‍ വളണ്ടിയര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കോവിഡ് . തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു

തിരൂര്‍: ഒരു ട്രോമാകെയര്‍ വളണ്ടിയര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ ഏറ്റവും വലിയ ഫോറിന്‍ മാര്‍ക്കറ്റായ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു.തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ തീരുമാനപ്രകാരം ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ പോലീസിനെ സഹായിക്കുന്നതിന് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് യൂത്ത് വിംങ്ങ് 100 സന്നദ്ധ പ്രവര്‍ത്തകരെ വിട്ടുകൊടുത്തിരുന്നു.ഇതില്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഉറപ്പു വരുത്താന്‍ നിയോഗിക്കപ്പെട്ട രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് തിരൂര്‍ സി.ഐ.ഫര്‍ഷാദ്, നഗരസഭാ സെക്രട്ടറി എസ്.ബിജു, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നടപടി.ഞായറാഴ്ച പൊതുവായി നടന്ന അവലോകനത്തില്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കോവിഡ് രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മത്സ്യ മൊത്തവ്യാപാര കേന്ദ്രം അടച്ചുപൂട്ടാനും കടുത്ത നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാര്‍ക്കറ്റ് സമയബന്ധിതമായി പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചിരുന്നു.
മാര്‍ക്കറ്റിലെ തൊഴിലാളികളോട് ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫലത്തില്‍ മാര്‍ക്കറ്റുകള്‍ അടച്ചു പൂട്ടിയ അവസ്ഥതന്നെയാണ്.
അതിനു പിന്നാലെയാണ് ഗള്‍ഫ് മാര്‍ക്കറ്റില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്.മത്സ്യ മാംസ പച്ചക്കറി മാര്‍ക്കറ്റുകളും ഫോറിന്‍ മാര്‍ക്കറ്റും അടുത്തടുത്താണ് പ്രവര്‍ത്തിക്കുന്നത്. എണ്ണൂറോളം ഷോപ്പുകളും 2000 ത്തിനു താഴെ തൊഴിലാളികളും ഫോറിന്‍ മാര്‍ക്കറ്റിലുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ധാരാളം ആളുകളാണ് ഫോറിന്‍ മാര്‍ക്കറ്റില്‍ എത്തിച്ചേരാറുള്ളത്. ഫോറിന്‍ മാര്‍ക്കറ്റില്‍ വന്ന രോഗിയില്‍ നിന്നാണ് വളണ്ടിയര്‍മാര്‍ക്ക് രോഗം പകര്‍ന്ന തെന്നാണ് നിഗമനം.അനിശ്ചിതകാലത്തേക്കാണ് മാര്‍ക്കറ്റ് അടച്ചത്.കപ്പലുകളില്‍ ചൈനയില്‍ നിന്നും കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളാണ് ഇവിടെ വിപണനം. ഫോറിന്‍ മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ സംഭീതരാണ്. കൂടുതല്‍ ആളുകള്‍ കൂടുന്നിടത്തൊന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഡോക്ടര്‍മാരുടെ പരിശോധനാ കേന്ദ്രങ്ങളില്‍ വരെ പോലീസും ആരോഗ്യവകുപ്പും ഇടപെടേണ്ടതുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.തൃക്കണ്ടിയൂരിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവാതെ ഡോക്ടര്‍മാരുടെ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റില്‍ വന്നവര്‍
ഹൗസ് ക്വാറന്റയിനില്‍ കഴിയണം

തിരൂര്‍: തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫോറിന്‍ മാര്‍ക്കറ്റില്‍ എത്തിയപേഭോക്താക്കള്‍ സ്വയം ഹൗസ് ക്വാറന്റയിനില്‍ കഴിയണമെന്ന് തിരുര്‍ ഫോറിന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഇബ്‌നുല്‍ വഫ അഭ്യര്‍ത്ഥിച്ചു. ഫോറിന്‍ മാര്‍ക്കറ്റിലെ തൊഴിലാളികളോടും ഹൗസ് ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും അടച്ചു പൂട്ടിയ തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് അണു നശീകരണം നടത്തി.

Sharing is caring!