നിലമ്പൂര്‍ നഗരസഭ കണ്‍ടയിന്‍മെന്റ് സോണ്‍; 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് മത്സ്യ മാംസ മാര്‍ക്കറ്റുകളും ചന്തകളും അടച്ചു

നിലമ്പൂര്‍ നഗരസഭ  കണ്‍ടയിന്‍മെന്റ് സോണ്‍;   19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  കോവിഡ് മത്സ്യ മാംസ  മാര്‍ക്കറ്റുകളും ചന്തകളും  അടച്ചു

നിലമ്പൂര്‍: സമ്പര്‍ക്കത്തിലൂടെ നിലമ്പൂരില്‍ 19 പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നിലമ്പൂര്‍ മേഖലയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളിലെ 14 ജീവനക്കാര്‍ക്കും ജില്ലാ ആശുപത്രി ഡ്രൈവറടക്കം കുടുംബത്തിലെ 5 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മത്സ്യകച്ചവടക്കാരെല്ലാം കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റില്‍ പോയവരോ അവരോട് സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. സമൂഹ വ്യാപന തോത് നിരീക്ഷിക്കാനായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചവരില്‍ 9 പേരാണ് നഗരസഭ പരിധിയിലുള്ളത്. ബാക്കി 10 പേര്‍ നിലമ്പൂര്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളിലുള്ളവരാണ്. കഴിഞ്ഞ 18-ന് ആരംഭിച്ച ആന്റി ജന്‍ പരിശോധനയില്‍ ഇതുവരെ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത. 500 പേരെ പരിശോധക്ക് വിധേയമാക്കാനായിരുന്നു തീരുമാനം. ആദ്യ മൂന്ന് ദിവസങ്ങളിലായി 460 പേരെ പരിശോധിച്ചപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത് . ഇന്നലെ ഉച്ചവരെ പരിശോധന തുടര്‍ന്ന ശേഷം നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. 40 പേരെ ് പരിശോധിച്ചപ്പോള്‍ ചന്തക്കുന്ന് മര്‍ക്കറ്റിലെ 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡി എം ഒ യുടെ നിര്‍ദേശ പ്രകാരം മേഖലയിലെ എല്ലാ മത്സൃ മാര്‍ക്കറ്റുകളിലേയും കച്ചവടക്കാരെയും ജീവനക്കാരേയും പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് 144 പേരെ കൂടി പരിശോധിച്ചതോടെയാണ് രോഗ ബാധിതര്‍ 19 ആയി ഉയര്‍ന്നത്.
നിലമ്പൂര്‍ ചന്തക്കുന്ന് 3, മമ്പാട് 5, എടക്കര 1, ചുങ്കത്തറ 2, ചോക്കാട് 2, കരുവാരക്കുണ്ട് 1 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ച മത്സ്യകച്ചവടക്കാര്‍. കോവിഡ് ബാധിച്ച ജില്ലാ ആശുപത്രി ഡ്രൈവറടക്കം അഞ്ചംഗ കുടുംബം നിലമ്പൂരിലാണ്.
കഴിഞ്ഞ ദിവസം ഒരാള്‍ക്കും ആന്റി ജന്‍ പരിശോധനയില്‍ കൊ വിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 29 പേര്‍ക്കാണ് നിലമ്പൂര്‍ നഗരസഭയില്‍ കൊവിഡ് സ്ഥിരികരിച്ചിട്ടുള്ളത്. സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് കോവിഡ് പേര്‍ക്ക് സ്ഥിരികരിച്ചതോടെ നിലമ്പൂര്‍നഗരസഭാ ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് 15 ദിവസത്തേക്ക് മത്സ്യ മാര്‍ക്കറ്റും താല്‍ക്കാലിക ചന്തകളുംഅടച്ചിടാനും വില്‍പ്പന നിരോധിക്കാനും തീരുമാനിച്ചു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഹോം ക്വാറന്റൈലിലാക്കും. 25ന് നഗരസഭയിലെ പൊതുസ്ഥലങ്ങളും 26ന് വീടുകളും അണുനശീകരണം നടത്തും. നഗരസഭയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ പി വി ഹംസ, ഡോ: പ്രവീണ,ബ്ലോക്ക് സി.എച്ച്.സി, മെഡിക്കല്‍ ഓഫീസര്‍ ഡോ: ചാച്ചി, ബ്ലോക്ക് സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ശബരീശന്‍, നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ബിനു തുടങ്ങിയവര്‍ പങ്കെടുത്തു. നിലമ്പൂര്‍ മേഖലയിലെ മത്സ്യകച്ചവടക്കാര്‍ക്കായി ആന്റിജന്‍ പരിശോധന ഇന്നും തുടരും. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒരു മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. അനാവശ്യയാത്രകള്‍ക്കും വിലക്കുണ്ട്.

Sharing is caring!