ചളിക്കൽ കോളനിക്കാരുടെ വീടെന്ന സ്വപനം പൂവണിഞ്ഞു

ചളിക്കൽ കോളനിക്കാരുടെ വീടെന്ന സ്വപനം പൂവണിഞ്ഞു

മലപ്പുറം: സംസ്ഥാനത്തെ ഭൂമിയും വീടുമില്ലാത്ത ആദിവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ ചളിക്കൽ കോളനി നിവാസികൾക്ക് ചെമ്പൻ കൊല്ലിയിൽ നിർമിച്ച 34 വീടുകളുടെ താക്കോൽ കൈമാറുന്ന ചടങ്ങ് വീഡിയോ കോൺഫറൻസിങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രകൃതി ദുരന്തങ്ങളും പകർച്ചാ വ്യാധികളും സംസ്ഥാനത്ത് തുടർച്ചയായ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലും കോവിഡ് പ്രതിരോധത്തിനൊപ്പം ജനങ്ങൾക്ക് ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചളിക്കൽ കോളനി പുനരധിവാസം മാതൃകാപരമായ പദ്ധതിയാണെന്നും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പോത്തുകല്ല് ഫാമിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചളിക്കൽ കോളനി മൂപ്പൻ വെളുത്തവെള്ളന് പി.വി അൻവർ എം.എൽ.എ വീടുകളുടെ താക്കോൽ കൈമാറി.

ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും അസാധാരണമായ നാശനഷ്ടമാണുണ്ടായത്. കവളപ്പാറ ദുരന്തത്തെ ഇപ്പോഴും വേദനയോടെ മാത്രമേ ഓർക്കാനാകു. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങൾക്കിടയിലാണ് കോവിഡ് മഹാമാരി. കോവിഡ് ചെറുക്കുന്നതിനിടയിൽ വികസനവും നിയമവും നടപ്പാക്കുന്നു. പ്രളയാനന്തര പുനർനിർമാണം, പെൻഷൻ, അടിസ്ഥാന സൗകര്യം, പട്ടികവർഗ വികസനം, ഇതെല്ലാം ഒരു മുടക്കവുമില്ലാതെ സർക്കാർ നടപ്പാക്കും. വീടില്ലാത്തവർക്ക് വീട് നൽകാനുള്ള ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിലാണ്. ഏതെങ്കിലും വിഭാഗം പിന്തള്ളപ്പെട്ടുപോയാൽ അവർക്കൊപ്പം നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരിൽ നിന്നും ലഭിക്കുന്ന പിന്തുണ തുടർന്നും ഉണ്ടാവണം. ഈ കാലത്തെയും നാം അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി -പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ, റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ, പി.വി അബ്ദുൽ വഹാബ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുഗതൻ, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോൺ, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, പട്ടികവർഗ്ഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ, ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി പുഗഴേന്തി, സബ് കലക്ടർ കെ എസ് അഞ്ജു, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റ് നെറ്റ് വർക്ക് ഹെഡ് ജോസ് കെ മാത്യു, ഫെഡറൽ ബാങ്ക് സി.എസ്.ആർ ഹെഡ് രാജു ഹോർമിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2019ലെ പ്രളയത്തിൽ ചാലിയാറിന്റെ പോഷകനദിയായ നീർപ്പുഴ കര കവിഞ്ഞൊഴുകിയാണ് പട്ടികവർഗ്ഗത്തിലെ പണിയ വിഭാഗത്തിൽ പെട്ട 34 കുടുംബങ്ങൾ താമസിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കൽ കോളനി തകർന്നത്. ആദിവാസി പുനരധിവാസ വികസന മിഷന്റെ പദ്ധതി പ്രകാരം ജില്ലാ ഭരണകൂടവും പട്ടിക വർഗ വികസനവകുപ്പും എടക്കര വില്ലേജിൽ ചെമ്പൻകൊല്ലി മലച്ചിയിൽ വാങ്ങിയ 2.1327 ഹെക്ടർ ഭൂമിയിൽ ഫെഡറൽ ബാങ്ക് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയിലാണ് കോളനി നിവാസികൾക്കായി 34 വീടുകൾ നിർമിച്ചത്. ഭവന നിർമാണത്തിനായി ഫെഡറൽ ബാങ്ക് 2.20 കോടി രൂപയും ഭൂമി വാങ്ങുന്നതിനും വൈദ്യുതീകരണത്തിനും കുടിവെള്ള കണക്ഷനുമായി പട്ടികവർഗ്ഗ വികസന വകുപ്പ് 1,72, 31500 രൂപയുമാണ് ചെലവഴിച്ചത്.

ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലവും വീടുമാണ് നൽകുന്നത്. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്ന വീടുകളിൽ വൈദ്യുതി കണക്ഷൻ, കുടിവെള്ളം, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളുടെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കളിസ്ഥലം, ശ്മശാനം, കമ്മ്യൂനിറ്റി ഹാൾ എന്നിവയ്ക്ക് ആവശ്യമായ സ്ഥലം പ്രത്യേകമായി മാറ്റി വച്ചിട്ടുണ്ട്.

Sharing is caring!