മലപ്പുറം കലക്ടറും നിലമ്പൂര്‍.എം.എല്‍.എയും തമ്മിലുള്ള പോരിനൊടുവില്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് വീട് സ്വന്തമാകുന്നത് നിയമയുദ്ധത്തിലൂടെ ഇന്ന് ഗൃഹപ്രവേശനം

മലപ്പുറം കലക്ടറും നിലമ്പൂര്‍.എം.എല്‍.എയും തമ്മിലുള്ള പോരിനൊടുവില്‍  ചളിക്കല്‍ കോളനിക്കാര്‍ക്ക് വീട്  സ്വന്തമാകുന്നത് നിയമയുദ്ധത്തിലൂടെ ഇന്ന് ഗൃഹപ്രവേശനം

നിലമ്പൂര്‍: കളക്ടര്‍-എം.എല്‍.എ പോരിനൊടുവില്‍ ചളിക്കല്‍ കോളനിക്കാര്‍ അര്‍ഹതപ്പെട്ട വീടുകള്‍ സ്വന്തമാക്കിയത് ഹൈക്കോടതിയിലെ നിയമപോരാട്ടത്തിലൂടെ. ഇന്ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ദാനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുമ്പോള്‍ അത് ചളിക്കല്‍ കോളനിക്കാരുടെ നിയമപോരാട്ടത്തിന്റെ വിജയംകൂടിയാവുകയാണ്.
2018ലെ പ്രളയത്തിലാണ് ചാലിയാറിന്റെ പോഷകനദിയായ നീര്‍പ്പുഴ കരകവിഞ്ഞൊഴുകി പട്ടികവര്‍ഗത്തിലെ പണിയ വിഭാഗത്തിലെ 34 കുടുംബങ്ങള്‍ താമസിക്കുന്ന പോത്തുകല്‍ പഞ്ചായത്തിലെ ചളിക്കല്‍ കോളനി തകര്‍ന്നത്.
മുന്‍ കളക്ടര്‍ ജാഫര്‍മാലിക് മുന്‍കൈയ്യെടുത്ത് ഐ.ടി.ഡി.പി ആദിവാസി പുനരുദ്ധാരണ പദ്ധതിപ്രകാരം എടക്കര വില്ലേജിലെ ചെമ്പന്‍കൊല്ലിയില്‍ 5 ഏക്കര്‍ 26 സെന്റ് വിലക്ക് വാങ്ങി ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി ) ഫണ്ടുപയോഗിച്ച് 34 വീടുകളുടെ പണി തുടങ്ങി.
സ്ഥലം വാങ്ങിയത് താന്‍ അറായതെയാണെന്നും ഈ വീടുകള്‍ കവളപ്പാറ ദുരന്തത്തിനിരയായവര്‍ക്ക് നല്‍കണമെന്നുമാവശ്യപ്പെട്ട് പി.വി അന്‍വര്‍ ജനുവരിയില്‍ വീടുനിര്‍മ്മാണം തടഞ്ഞതോടെയാണ് വിവാദമായത്. പ്രളയപുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വാങ്ങുന്നതിന് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍ബന്ധിച്ചതായി ഗുരുതരമായ വെളിപ്പെടുത്തലുമായി മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് രംഗത്തെത്തുകയും ചെയ്തു.
സഥലം വാങ്ങുന്നത് എം.എല്‍.എയെയും ജനപ്രതിനിധികളെയും അറിയിച്ചില്ലെന്നും കവളപ്പാറക്കാര്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കിയിട്ടു മതി മറ്റുള്ളവര്‍ക്ക് വീടെന്നുമായിരുന്നു എം.എല്‍.എയുടെ നിലപാട്. എന്നാല്‍ കവളപ്പാറക്കാരെ ഈ സ്ഥലം കാണിച്ചെങ്കിലും അവര്‍ക്ക് പോത്തുകല്‍ പഞ്ചായത്തില്‍ തന്നെ വീടുമതിയെന്ന് അറിയിച്ചതോടെയാണ് ഇത് ചളിക്കല്‍ കോളനിക്കാര്‍ക്ക് നല്‍കുന്നതെന്നുമാണ് കളക്ടര്‍ വിശദീകരിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതില്‍ അഴിമതിയുണ്ടെന്നും കളക്ടര്‍ അഹങ്കാരിയാണെന്നും മുഖ്യമന്ത്രിക്ക് പരാതിനല്‍കുമെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ എം.എല്‍.എ ഉന്നയിച്ചത്. ഇതിനു മറുപടിയായി തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ഞാന്‍ അഹങ്കാരിയാണെന്ന് കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എല്‍.എക്ക് മറുപടിയും നല്‍കി. കളക്ടര്‍ക്കെതിരെ മാനനഷ്ടത്തിന് എം.എല്‍.എ വക്കീല്‍നോട്ടീസും അയച്ചു.
മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും ചെമ്പന്‍കൊല്ലിയിലെ വീടുകള്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് നല്‍കാന്‍ നടപടിയുണ്ടായില്ല. ഇതിനിടെ ജാഫര്‍ മാലിക് കളക്ടര്‍ സ്ഥാനത്തുനിന്നും സ്ഥലംമാറിപ്പോവുകയും ചെയ്തു. പുതിയ കളക്ടറെത്തിയപ്പോള്‍ ഈ വീടുകള്‍ കവളപ്പാറക്കാര്‍ക്ക് കൈമാറാന്‍ നീക്കം നടന്നെങ്കിലും ഈ വീടുകള്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് തന്നെ നല്‍കണമെന്നും തങ്ങള്‍ക്ക് പോത്തുകള്‍ പഞ്ചായത്തില്‍ കളക്ടര്‍ കണ്ടെത്തിയ സ്ഥലത്ത് വീടുകള്‍ മതിയെന്നുമാണ് കവളപ്പാറക്കാര്‍ പറഞ്ഞത്.
ഇതോടെയാണ് രാഷ്ട്രീയ ചേരിപ്പോരുകാരണം താക്കോല്‍ദാനം നടക്കുന്നില്ലെന്നും വീടുകള്‍ വേഗത്തില്‍ കൈമാറണമെന്നുമാവശ്യപ്പെട്ട് ചളിക്കല്‍ കോളനിയിലെ സി.പി ചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. മാര്‍ച്ചില്‍ തന്നെ വീടുകളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ കാരണത്താലാണ് താക്കോല്‍ദാനം നീളുന്നതെന്നും ഫെഡറല്‍ ബാങ്ക് കോടതിയെ അറിയിച്ചു.
രാഷ്ട്രീയചേരിപ്പോര് കാരണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം നീളുന്നത് നീതീകരിക്കാനാവില്ലെന്ന വിലയിരുത്തിയ ജസ്റ്റിസ് അനു ശിവരാമന്‍ മൂന്നാഴ്ചക്കകം വീടിന്റെ താക്കോലുകള്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് കൈമാറണമെന്ന് ജൂണ്‍ 20തിന് ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ വീട് കൈമാറാന്‍ നടപടിയായത്. 34 കുടുംബങ്ങള്‍ക്കും 10 സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്. എല്ലാ വീട്ടിലേക്കും 12 അടി വീതിയില്‍ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.

Sharing is caring!